ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളാകും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ആലപ്പുഴ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായൊരു ബ്ലോക്കാണ് സജ്ജമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ഒമ്പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 173.18 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 53.18 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്കായി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെഡിക്കല്‍ കോളേജിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ന്യൂറോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, നെഫ്രോളജി, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, ന്യൂറോ സര്‍ജറി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. നൂതന ഉപകരണങ്ങളോടെ സജ്ജീകരിച്ച 6 പോസ്റ്റ് കാത്ത് ഐസിയു, 6 സ്റ്റെപ് ഡൗണ്‍ ഐ.സി.യു., എട്ട് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയും സജ്ജമായിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 30 കോടി ചെലവഴിച്ച് നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here