ഖലിസ്ഥാന്‍ ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എസ്എഫ്ജെ

ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാനി തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. എസ്എഫ്ജെ ഭീകരന്‍ ഗുര്‍പര്‍വന്ത് സിംഗ് പന്നുവാണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയത്. ഖലിസ്ഥാന്‍ നേതാക്കള്‍ ഇതിനകം ദില്ലിയില്‍ എത്തിയിട്ടുണ്ട്. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് മുടക്കി ദില്ലിയില്‍ ഖലിസ്ഥാനി പതാക ഉയര്‍ത്തുമെന്നും പന്നു വീഡിയോയിലൂടെ അവകാശപ്പെടുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ വീട്ടിലിരിക്കണമെന്ന ഭീഷണിയും പന്ന മുഴക്കിയിട്ടുണ്ട്. സുരക്ഷിതരായിരിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജനുവരി 26ന് ദില്ലിയിലെ ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും പന്നു ഭീഷണി മുഴക്കി.

‘ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ദില്ലിയിലും പഞ്ചാബിലുട നീളവും വരച്ചിട്ടുണ്ട്, തങ്ങള്‍ക്ക് ഉടന്‍ ഉടന്‍ നീതി ലഭിക്കും. ജനുവരി 26ന് ദില്ലിയില്‍ ഖലിസ്ഥാനി പതാകകള്‍ ഉയര്‍ത്തും. പഞ്ചാബ് ഉടന്‍ തന്നെ ഖലിസ്ഥാനായി മാറും. അത് ഖലിസ്ഥാനികളും മോദി സര്‍ക്കാരും തമ്മിലുള്ള പ്രശ്നമാണ്. ദില്ലിക്കാര്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുക. ദയവായി മാറിനില്‍ക്കുക. വീട്ടില്‍ തന്നെ ഇരിക്കൂ, സുരക്ഷിതമായി ഇരിക്കു. ഖലിസ്ഥാന്‍ ഒരു യഥാര്‍ത്ഥ്യമാണ്. ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യത്തിനായുള്ള ഹിതപരിശോധന എന്ന ആവശ്യവുമായി തന്റെ സംഘടന മുന്നോട്ട് പോകും’ പന്നു വീഡിയോയില്‍ അവകാശപ്പെട്ടു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്ന പന്നു 2021 ല്‍ റിപ്പബ്ലിക് ദിനത്തില്‍ അക്രമത്തിന് സിഖുകാരോട് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന കര്‍ഷക സമരത്തിലെ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 25, 26 തീയതികളില്‍ ദില്ലിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പന്നു പ്രകോപിപ്പിച്ചിരുന്നു.

ഈ വര്‍ഷം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഖലിസ്ഥാനി അനുകൂലികള്‍ രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചിരുന്നു. കാരം ഡൗണിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രവും മെല്‍ബണിലെ മില്‍ പാര്‍ക്കിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള സ്വാമിനാരായണ മന്ദിറും ഖലിസ്ഥാനി അനുകൂലികള്‍ നശിപ്പിച്ചു. ‘ടാര്‍ഗറ്റ് മോദി’, ‘മോദി ഹിറ്റ്‌ലര്‍’, ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്’ തുടങ്ങിയ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങളുടെ ചുവരുകളില്‍ എഴുതിയിരുന്നു.

രാജ്യ തലസ്ഥാനത്ത് ജനക്പുരി മെട്രോ സ്റ്റേഷന്‍, പീര ഗര്‍ഹി മേല്‍പ്പാലം, മീരാ ബാഗ് സ്‌കൂള്‍, ഭേര എന്‍ക്ലേവ്, ബോസ്‌കോ പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാര്‍ മാര്‍ക്കറ്റ്, ഡിസ്ട്രിക്ട് സെന്റര്‍ വികാസ്പുരി, പശ്ചിമ വിഹാറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം എന്നിവിടങ്ങളിലെ ചുവരുകളിലാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തില്‍ പങ്കാളികളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ”സിഖ് ഫോര്‍ ജസ്റ്റിസ്”, ”ഖലിസ്ഥാനി സിന്ദാബാദ്”, ”റഫറണ്ടം 2020” , ‘പഞ്ചാബ് ബനേഗാ ഖലിസ്ഥാന്‍’ എന്നിങ്ങനെ ഇംഗ്ലീഷിലും പഞ്ചാബിയിലും മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ദില്ലി പോലീസ് പൊതുഇടങ്ങളിലെ ചുവരുകളിലെ മുദ്രാവാക്യങ്ങള്‍ നീക്കം ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തെറ്റായ പ്രവര്‍ത്തനങ്ങളൊന്നും ദില്ലിയില്‍ നടക്കുന്നില്ലെന്ന് ദില്ലി പൊലീസിന്റെ എല്ലാ വിഭാഗവും ഉറപ്പാക്കുന്നുണ്ട്. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ദില്ലിയുടെ സുരക്ഷയെ ബാധിക്കില്ല. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ചുവരെഴുത്തുകള്‍. അതിന്റെ ഉത്തരവാദിത്വം ഖലിസ്ഥാനി തീവ്രവാദ സംഘടനയായ എസ്എഫ്ജെ ഏറ്റെടുത്തതായി ദില്ലി പൊലീസ് പിആര്‍ഒ സുമന്‍ നാല്‍വ വ്യക്തമാക്കി.

അതേ സമയം റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സല്‍ കര്‍ത്തവ്യപഥില്‍ നടക്കുന്നതിനാല്‍ ദില്ലിയില്‍ കനത്ത സുരക്ഷ എര്‍പ്പെടുത്തി. കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ അട്ടിമറി വിരുദ്ധ പരിശോധന നടത്തുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. ജനുവരി 23ന് അവസാനഘട്ട ഫുള്‍ ഡ്രസ് റിഹേഴ്‌സലുകള്‍ നടത്തും, ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതല്‍ ജനുവരി 23ന് ഉച്ചയ്ക്ക് 1 വരെ കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ അടച്ചിടാനാണ് പൊലീസ് നിര്‍ദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News