ഗുജറാത്ത് വംശഹത്യ വീണ്ടും ഓര്‍മ്മിപ്പിച്ച് ബിബിസി ഡോക്യുമെന്ററി

ദിപിന്‍ മാനന്തവാടി

‘റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെക്കാള്‍ ഭീകരമായ ആക്രമണം.’

‘വ്യാപകവും ആസൂത്രിതവുമായി മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തു.’

‘ഹിന്ദുക്കളുള്ള പ്രദേശങ്ങളില്‍ നിന്നും മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിതമായ അക്രമം.’

‘വംശീയമായ ശുദ്ധീകരണത്തിന്റെ എല്ലാ അടയാളങ്ങളുള്ള ആസൂത്രിതമായ ആക്രമം.’

‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ടുഭാഗങ്ങളുള്ള ബിബിസി സീരീസിന്റെ ആദ്യഭാഗത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളാണിവ. ബ്രീട്ടീഷ് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഡോക്യുമെന്ററി ഈ ആരോപണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ഇന്ത്യയിലേക്ക് അയച്ചതായും ഇവര്‍ നേരിട്ട് ഗുജറാത്തിലെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഇക്കാലയളവില്‍ ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായിരുന്ന ജാക് സ്ട്രോ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നുണ്ട്. അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടിലെ ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുമുണ്ട്.

‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി സീരിസിലെ ആദ്യഭാഗം രാജ്യത്ത് വീണ്ടും ഗുജറാത്ത് വംശഹത്യ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ബിബിസി സീരീസിന്റെ ആദ്യഭാഗത്തിന്റെ സ്ട്രീമിങ്ങ് ഇന്ത്യയില്‍ യൂട്യൂബ് തടഞ്ഞിരുന്നു. പക്ഷെ ടെലഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്റെ ആദ്യഭാഗം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിബിസി സീരീസ് പ്രചരണ അജണ്ടയാണെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയില്‍ മാനസികാവസ്ഥയില്‍ തയ്യാറാക്കിയതുമാണെന്ന രൂക്ഷവിമര്‍ശനമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി വിശദമായ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതാണെന്ന വിശദീകരണമാണ് ബിബിസി നല്‍കുന്നത്. വിവാദ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു, പക്ഷെ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് ബിബിസി നിലപാട്.

‘കൊല്ലാനോ കൊല്ലപ്പെടാനോ തയ്യാറായിക്കൊള്ളു അതല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല’ എന്ന ഹിന്ദുതീവ്രവാദിയുടെ ശബ്ദരേഖയോടെയാണ് ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്റെ’ ആദ്യ ഭാഗം ആരംഭിക്കുന്നത്.

‘ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നേരിട്ടുള്ള ആഹ്വാനമാണ് നടക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെതിരെ സംസാരിക്കേണ്ടതാണ്, പക്ഷെ അദ്ദേഹം സംസാരിക്കുന്നില്ല’. ഗുജറാത്ത് കലാപത്തിന്റെ നാള്‍വഴികളിലേക്ക് കടക്കും മുമ്പ് രാഷ്ട്രീയ ഹിന്ദുത്വ ഇന്ത്യയില്‍ വേരുകളാഴ്ത്താന്‍ സ്വീകരിക്കുന്ന വഴികളെയാണ് ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ അടയാളപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയെന്നാണ് ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ മോദിയെ പരിചയപ്പെടുത്തുന്നത്. സമൃദ്ധിയുടെ പുതുയുഗം വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി അധികാരത്തില്‍ വന്നത് ഡോക്യുമെന്ററി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുമായുള്ള നരേന്ദ്രമോദിയുടെ പ്രശ്നമുഖരിതമായ ബന്ധങ്ങളെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത് എന്ന് ബിബിസി ഡോക്യുമെന്ററി തുടക്കത്തില്‍ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ഗൗരവമായ ആരോപണം മുന്നോട്ടുവയ്ക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയുടെ ആര്‍.എസ്.എസ് അസ്ഥിത്വം ഡോക്യുമെന്ററി പങ്കുവയ്ക്കുന്നുണ്ട്. ചെറുപ്പം മുതലുള്ള മോദിയുടെ ആര്‍.എസ്.എസ് സംഘടനാ ജീവിതത്തിന്റെ നാള്‍വഴികളും ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നു. ആര്‍.എസ്.എസിന്റെ നേതൃനിരയില്‍ നിന്ന് മോദി ബി.ജെ.പിയിലേയ്ക്ക് നിയോഗിക്കപ്പെട്ടതും ഡോക്യുമെന്ററിയില്‍ പറഞ്ഞ് വയ്ക്കുന്നുണ്ട്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ ഹര്‍ജികള്‍ അപ്രസക്തമായെന്ന് സുപ്രീംകോടതി നീരിക്ഷിച്ചിട്ട് അധികകാലമായില്ല. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളും വിചാരണകോടതികളും കേസില്‍ ആരോപണവിധേരായിരുന്ന രാഷ്ട്രീയനേതാക്കള്‍ക്ക് നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. നരേന്ദ്ര മോദി, ഗുജറാത്ത് പൊലീസ്, ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ എന്നിവര്‍ക്ക് ജസ്റ്റിസ് നാനാവതി കമ്മീഷനും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സംവിധാനങ്ങളെല്ലാം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ ദൃക്സാക്ഷികളുടെ വിവരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബിബിസി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഇതിലാണ് നരേന്ദ്രമോദിക്ക് ഗുജറാത്ത് വംശഹത്യയില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണം മുന്നോട്ടുവച്ചിരിക്കുന്നത്. ഗുജറാത്ത് കലാപം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ബിബിസി ലേഖിക ജില്‍ മക്ഗിവറിംഗിന്റെ അനുഭവങ്ങള്‍ അവര്‍ ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. ഗുജറാത്ത് കലാപസമയത്ത് ബിബിസി കവര്‍ ചെയ്ത വിഷ്വലുകള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടുണ്ട്. കൊള്ളയും കൊള്ളിവയ്പ്പും നടന്നപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നത് വിഷ്വലുകളുടെ പിന്‍ബലത്തില്‍ തന്നെ മക്ഗിവറിംഗ് വിശദീകരിക്കുന്നുണ്ട്. അപ്പോള്‍ കൂടെയുണ്ടായിരുന്നു സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് പൊലീസിലെ ഒരു ഉന്നതനോട് സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടിയും ജില്‍ പങ്കുവയ്ക്കുന്നു. ഗോധ്രയില്‍ നടന്നതിന്റെ പ്രതികരണമാണ് നടക്കുന്നതെങ്കില്‍ നടക്കട്ടെ എന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ മറുപടി. കലാപം നടന്ന ദിവസം രാത്രി ഏറെവൈകി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നെന്നും ഗോധ്ര വിഷയത്തിലെ ഹിന്ദുവിഭാഗക്കാരുടെ പ്രതികരണത്തില്‍ പൊലീസ് ഇടപെടേണ്ടെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി നിര്‍ദ്ദേശം നല്‍കിയിരുന്ന എന്നുമായിരുന്നു അക്കാലത്ത് മോദിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. മോദിമന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യയും ഈ ആരോപണം പിന്നീട് ശരിവച്ചിരുന്നു. ഈ വിഷയം ഹരേണ്‍ പാണ്ഡ്യ ആദ്യമായി വെളിപ്പെടുത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ ക്രെഡിക് പ്രകാശ് അടക്കം അവരുടെ നേരനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഹരേണ്‍ പാണ്ഡ്യയോടൊപ്പം നടത്തിയ വിമാനയാത്രയില്‍ ഈ വിവരം പങ്കുവച്ചതും അദ്ദേഹത്തെ വി.ആര്‍.കൃഷ്ണയ്യന്‍ അധ്യക്ഷനായ ഗുജറാത്ത് കലാപം അന്വേഷിച്ച ജനകീയ കമ്മീഷന്റെ മുന്നിലെത്തിച്ചതും ഡോക്യുമെന്ററിയില്‍ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്.

എന്നാല്‍ പൊലീസിനെ ബോധപൂര്‍വ്വം നിഷ്‌ക്രിയമാക്കി എന്ന ആരോപണവും പൊലീസ് നിഷ്‌ക്രിയമായിരുന്നു എന്ന ആരോപണവും നരേന്ദ്രമോദി നിഷേധിച്ചിട്ടുണ്ട്. അത്തരമൊരു ആരോപണത്തില്‍ തെളിവ് കണ്ടെത്താന്‍ ഈ വിഷയങ്ങള്‍ അന്വേഷിച്ച ഏജന്‍സികള്‍ക്കൊന്നും സാധിച്ചിട്ടുമില്ല. പൊലീസ് നിഷ്‌ക്രിയത്വം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് നരേന്ദ്രമോദി മറുപടി പറയുന്ന ഒരു അഭിമുഖവും ഡോക്യുമെന്ററിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

‘നിങ്ങളുടെ നിയന്ത്രണത്തിലുള്ള പൊലീസ് ആവശ്യമുള്ളത് ചെയ്തോ’ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘ആവശ്യമുള്ളതല്ല അവര്‍ എക്സലന്റായി ചുമതല നിര്‍വ്വഹിച്ചു, ഏതാണ്ട് 72 മണിക്കൂര്‍ കൊണ്ട് അതിക്രമം അവസാനിപ്പിക്കാന്‍ സാധിച്ചു’ എന്ന മറുപടി മോദി പറയുന്നുണ്ട്. ‘ഏതാണ്ട് അഞ്ഞൂറിലധികം നിഷ്‌കളങ്കരായ ആളുകള്‍ കൊല്ലപ്പെട്ടിട്ടും പൊലീസ് എക്സലന്റായി ജോലി ചെയ്തു എന്നാണോ പറയുന്നതെന്ന്’ റിപ്പോര്‍ട്ടര്‍ വീണ്ടും ചോദിക്കുന്നുണ്ട്. ‘സംഭവിച്ചതില്‍ ഞാന്‍ സന്തോഷവാനല്ല, പക്ഷെ ഞങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്’ എന്നാണ് മോദിയുടെ മറുപടി.

മുന്‍കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന ഇസ്ഹാന്‍ ജാഫ്രിയുടെ കൊലപാതകം നേരിട്ട് കണ്ട ദൃക്സാക്ഷി ഇംതിയാസ് പഠാന്‍ ഡോക്യുമെന്ററിയില്‍ നടത്തുന്ന വിവരണം അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നതാണ്. കലാപത്തില്‍ നിന്ന് രക്ഷപെടാന്‍ ധാരാളം ആളുകള്‍ ഇസ്ഹാന്‍ ജാഫ്രിയുടെ വീട്ടില്‍ രക്ഷതേടിയത് ഇംതിയാസ് ഓര്‍മ്മിക്കുന്നുണ്ട്. ജാഫ്രിയെ പിടിക്ക് ജാഫ്രിയെ കൊല്ല് എന്ന ആക്രോശവുമായി അക്രമകാരികള്‍ വീട് വളഞ്ഞതും ഇംതിയാസ് ഓര്‍മ്മിക്കുന്നു. രക്ഷക്കായി ഡയറിയെടുത്ത് വച്ച് രാഷ്ട്രീയ നേതാക്കളെയും പൊലീസിലെ ഉന്നതരെയും ജാഫ്രി ഫോണ്‍വിളിച്ച സ്ഥലം ഇംതിയാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കാടുകയറിയ ഓര്‍മ്മകളുടെ സ്മാരകം പോലെയുള്ള ജാഫ്രിയുടെ വീടിന്റെ ചുമരുകള്‍ നരച്ചിരിക്കുന്നുണ്ട്, ഒരുപാട് നഗ്‌നസത്യങ്ങള്‍ ഒളിച്ചുവച്ച്. ഫോണില്‍ വിളിച്ച ആരുടെയും സഹായം കിട്ടാതായതോടെ ജാഫ്രി ഒടുവില്‍ നരേന്ദ്രമേദിയെയും ഫോണില്‍ വിളിച്ചതായി ഇംതിയാസ് വെളിപ്പെടുത്തുന്നുണ്ട്. നരേന്ദ്ര മോദിയെ വിളിച്ച ജാഫ്രിയുടെ മുഖം മങ്ങുന്നതും അദ്ദേഹം നിരാശനും നിസ്സഹായനുമാകുന്നതും എല്ലാവരും കണ്ടു. എന്നാല്‍ മോദിയുടെ കര്‍ശന പ്രതികരണമായിരുന്നു ജാഫ്രിയുടെ നിരാശയ്ക്ക് കാരണം.

ഇനി രക്ഷിക്കാന്‍ ആരുംവരില്ലെന്ന് ജാഫ്രി നിരാശയോടെ പറഞ്ഞു. എല്ലാം അവസാനിക്കാന്‍ പോകുന്നുവെന്ന് ആ നിമിഷം കരുതിയതായും ഇംതാസ് പറയുന്നു. എന്നെ കൊന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമെങ്കില്‍ ഞാന്‍ പുറത്തേക്ക് വരാം ഇവിടെയുള്ള സ്ത്രീകളെയും കുട്ടികളെയുമെല്ലാം വെറുതെ വിടണമെന്ന അടുക്കള ഭാഗത്തേക്ക് ചെന്ന് ജാഫ്രി അക്രമകാരികളോട് വിളിച്ചുപഞ്ഞതായി ഇംതിയാസ് ഓര്‍മ്മിക്കുന്നു. ‘പുറത്തേക്ക് പോകുന്നതില്‍ നിന്ന് എല്ലാവരും ജാഫ്രിയെ തടഞ്ഞു, പക്ഷെ ജാഫ്രി അത് കേട്ടില്ല. അദ്ദേഹം പുറത്തേക്ക് ഇറങ്ങി. അക്രമകാരികള്‍ ജാഫ്രിയെ വെട്ടിക്കൊന്നു,’ ഇംതിയാസ് പറയുന്നു. വീട്ടുകാരുടെയും വീട്ടില്‍ അഭയംപ്രാപിച്ചവരുടെയും രക്ഷക്കായി അക്രമകാരികള്‍ക്ക് മുന്നിലേയ്ക്കിറങ്ങി ചെന്ന് മരണം വരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ഉമ്മയും അമ്മാവനും അടക്കം കുടുംബത്തിലെ 10പേരെയാണ് അന്ന് അക്രമകാരികള്‍ കൊലപ്പെടുത്തിയതെന്ന് ഇംതിയാസ് ഓര്‍മ്മിക്കുന്നുണ്ട്.

ജാഫ്രി ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു പ്രകോപിപ്പിച്ചു എന്നായിരുന്നു ഈ കേസില്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. നരേന്ദ്രമോദിയെ ജാഫ്രി വിളിച്ചതിനും തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഹരേണ്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തലിലും തെളിവുകള്‍ ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിനൊന്നും സാക്ഷ്യം പറയാന്‍ ഇസ്ഹാന്‍ ജാഫ്രിക്കോ ഹരേണ്‍ പാണ്ഡ്യക്കോ സാധിച്ചിരുന്നില്ല. ജാഫ്രി വംശഹത്യക്ക് ഇരയായപ്പോള്‍ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ഇന്നും ദുരൂഹമാണ്.സൊറാബുദ്ദീന്‍ ഷെയ്ഖ് ഭാര്യ കൗസര്‍ബിയെയും സഹായി തുള്‍സി പ്രജാപതി എന്നിവരെ വ്യാജ ഏറ്റമുട്ടലില്‍ ഗുജറാത്ത് പൊലീസ് വധിച്ചതിന്റെ ദുരൂഹതയുടെ വേര് നീണ്ടെത്തുന്നത് ഹരേണ്‍ പാണ്ഡ്യയുടെ ദുരൂഹവധത്തിലേക്കാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ വിധി പ്രസ്താവിക്കേണ്ടിയിരുന്ന ജസ്റ്റിസ് ലോയയുടെ മരണം കൂടി ദുരൂഹതയുടെ മൂടുപടത്തിലായിരുന്നു. കാരവന്‍ പോലുള്ള ദേശീയമാധ്യമങ്ങള്‍ ഈ ദുരൂഹതയുടെ മൂടുപടം മാറ്റാന്‍ ശ്രമിച്ചെങ്കിലും പരമോന്നത കോടതി തുടര്‍ ചര്‍ച്ചകള്‍ക്ക് പോലും സാധ്യതയില്ലാത്ത വിധം ഈ വിഷയത്തിലും തിരശ്ശീലയിടുകയായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ തുടര്‍ചലനങ്ങള്‍ അടയാളപ്പെടുത്തിയ ദുരൂഹമായ സംഭവപരമ്പരങ്ങള്‍ തെളിവില്ലാതെ മണ്ണടിഞ്ഞ കാലത്താണ് ഈ സംഭവങ്ങളുടെയെല്ലാം ദൃകസാക്ഷി വിവരണത്തോടെ ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ പരമോന്നത കോടതിയും അന്വേഷണ ഏജന്‍സികളും തെളിവില്ലെന്ന അനുകൂല്യത്തില്‍ തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും ഉയരുമ്പോള്‍ സാക്കിയ ജാഫ്രിയുടെ കണ്ണുനീരുണങ്ങാത്ത മിഴികളും ഇനിയും നീതികിട്ടിയില്ലെന്ന് പരിതപിക്കുന്ന ബില്‍ക്കിസ് ബാനുവും ഗുജറാത്ത് വംശഹത്യയുടെ ചോദ്യ ചിഹ്നമായി ബാക്കിയാണ്. ഭരണകൂടം വേട്ടയാടുന്ന ടീസ്ത സെറ്റല്‍വാദിന്റെയും സഞ്ജയ് ഭട്ടിന്റെയും ആര്‍.ബി.ശ്രീകുമാറിന്റെയും വിളിച്ചുപറച്ചിലുകളുടെ പ്രതിധ്വനികളും ഇപ്പോള്‍ രാജ്യത്ത് നിശബ്ദമാണ്.

ബിബിസിയുടെ ഡോക്യുമെന്ററിയെ കൊളോണിയില്‍ മാനസികാവസ്ഥയില്‍ തയ്യാറാക്കിയതാണെന്ന വൈകാരികത ഉയര്‍ത്തി പ്രതിരോധിക്കാം. എന്നാല്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ ജനകീയ കമ്മീഷന്‍ ഇതിലും ഗുരുതരമായ കണ്ടെത്തലുകളും തെളിവുകളും നിരീക്ഷണങ്ങളും ശുപാര്‍ശകളും മുന്നോട്ടുവയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഔദ്യോഗിക സ്വഭാവമില്ലെങ്കിലും ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പറയുമ്പോഴെല്ലാം നീതിബോധത്തിന്റെ ചൂണ്ടുവിരല്‍ തോണ്ടി വായിച്ചെടുക്കാവുന്ന രണ്ടുവാള്യം റിപ്പോര്‍ട്ടുകള്‍ ഇന്നും പബ്ലിക് ഡെമെയ്നില്‍ ഭദ്രമാണ്. അധികാമാരും വായിക്കാന്‍ മെനക്കെടുന്നില്ലെങ്കിലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration