കണ്ണൂരില്‍ റെയില്‍വേ വികസനത്തിന് വേണ്ടി മാറ്റിവെച്ചിട്ടുള്ള ഭൂമി സ്വകാര്യ കമ്പനിക്ക് വാടകയ്ക്ക് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഉത്തര മലബാറിന്റെ റെയില്‍വേ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളില്‍ നിന്നും റെയില്‍വേ പിന്മാറണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനും റോഡ് വികസനത്തിനും വേണ്ടി അനിവാര്യമായിട്ടുള്ള 7.19 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് വാടകയ്ക്ക് കൊടുക്കുന്നതിനുള്ള നീക്കമാണ് റെയില്‍വേ അധികൃതര്‍ നടത്തിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണത്തിനും റെയില്‍വേ സ്റ്റേഷനിലേക്കുള്ള തിരക്കേറിയ റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും വേണ്ടി കണ്ടെത്തി വച്ചിരിക്കുന്ന ഭൂമിയാണിത്. ഇത്തരമൊരു നീക്കത്തിലൂടെ സ്റ്റേഷന്റെയും അനുബന്ധ റോഡിന്റെയും വികസനം നടപ്പിലാക്കാന്‍ സാധിക്കാതെ വരും. എന്നുമാത്രമല്ല കേന്ദ്രസര്‍ക്കാറിന്റെ കൂടെ പങ്കാളിത്തത്തോടെയുള്ള കെ-റെയിലിന്റെ കണ്ണൂര്‍ സ്റ്റേഷനു വേണ്ടി കണ്ടെത്തി വെച്ചിട്ടുള്ള ഭൂമിയുടെ ഒരു ഭാഗം കൂടിയാണ് ഇത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ കൂടി നിര്‍മ്മിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉത്തര മലബാറിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ എന്ന ആവശ്യം ജലരേഖയായി തുടരാനാണ് സാധ്യത. അതിനാല്‍ ഉത്തരമലബാറിന്റെയും കണ്ണൂരിന്റെയും റെയില്‍വേ സ്വപ്നങ്ങള്‍ കാറ്റില്‍ പറത്തുന്ന ഇത്തരമൊരു തീരുമാനം പുന: പരിശോധിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി കത്തിലൂടെ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here