ബിജെപി ആരോപണങ്ങൾക്ക് മറുപടിയുമായി ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങൾ വനിത കമ്മീഷൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന് നേരെ അതിക്രമമുണ്ടായത്.
എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും സംഭവം ദില്ലി പൊലീസിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും ആരോപിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. പ്രതി ഹരീഷ് ചന്ദ്ര ആം ആദ്മി പാർട്ടി അംഗമാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം ബിജെപി ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് സ്വാതി മലിവാൾ ഉന്നയിച്ചത്. തനിക്ക് നേരെയുള്ള ക്രൂരതകൾ തന്റെ ഉള്ളിലെ അഗ്നി കൂടുതൽ ശക്തിപ്പെടുത്തി. തന്റെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ലെന്നും ജീവിച്ചിരിക്കുന്നിടത്തോളം കാലം യുദ്ധം തുടരുമെന്നും ബി ജെ പി ക്കു മറുപടിയായി സ്വാതി ട്വീറ്ററിൽ കുറിച്ചു. വൃത്തികെട്ട നുണകൾ പ്രചരിപ്പിച്ച് തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും സ്വാതി മലി വാൾ പറഞ്ഞു. മദ്യലഹരിയിലായിരുന്ന അക്രമി സ്വാതിയോട് അസഭ്യം പറയുകയും കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു.
തുടർന്ന് അക്രമിയെ പിടികൂടാൻ ശ്രമിച്ച സ്വാതിയുടെ കൈ കാറിന്റെ ഗ്ലാസിനിടയിൽ കുടുങ്ങി. പിന്നാലെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു എന്നായിരുന്നു പരാതി. രാജ്യ തലസ്ഥാനത്ത് വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റു സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യം ഉയരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here