സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകർന്ന് സിഐടിയു പതിനേഴാമത് അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിലെ ആർ ശ്രീനിവാസ് നഗറിൽ പൊതു സമ്മേളനം നടക്കും.

ട്രേഡ് യൂണിയൻ ഐക്യവും, തൊഴിലാളി – കർഷക സംഘടനകളുടെയും യോജിച്ച മുന്നേറ്റവും ശക്തമാക്കുന്നതിനുള്ള ലക്ഷ്യത്തിൽ ഊന്നിയുള്ള ചർച്ചകളാണ് സമ്മേളനത്തിൽ ഉയർന്നു വന്നത്.  ശനിയാഴ്ച തൊഴിലാളികൾ അഭിമുഖീകരിക്കുന്ന നാല് സുപ്രധാന വിഷയങ്ങളിൽ പ്രതിനിധികൾ നാല് കമ്മീഷനുകളായി തിരിഞ്ഞ് ചർച്ച നടത്തി.

കമ്മീഷനിൽ അവതരിപ്പിച്ച രേഖയിൻമേലുള്ള നിർദേശങ്ങളടക്കം ക്രോഡീകരിച്ച് സമ്മേളനത്തിൽ അവതരിപ്പിക്കും. ജനറൽ സെക്രട്ടറി തപൻ സെൻ ചർച്ചകൾക്ക് മറുപടി പറയും. തുടർന്ന്  സിഐടിയു ഏറ്റെടുക്കേണ്ട ഭാവികാല ദൗത്യങ്ങളും നിർദേശങ്ങളുമുൾപ്പെട്ട രേഖ സമ്മേളനത്തിന് മുന്നിൽ വെക്കും.

ജനറൽ കൗൺസിൽ, വർക്കിംഗ് കമ്മറ്റി – ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷം അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം അവസാനിക്കും. ഉച്ചയ്ക്ക് ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിലെ ആർ ശ്രീനിവാസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സി ഐ ടി യു അഖിലേന്ത്യാ നേതാക്കൾ സംസാരിക്കും.

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ജനറൽ സെക്രട്ടറി പാംബിസ് കിരിറ്റ്സിസ് സമ്മേളനത്തെ അഭിവാദ്യംചെയ്യും. അര ലക്ഷത്തോളം തൊഴിലാളികൾ പങ്കെടുക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News