വളരെ ശ്രമകരമായാണ് ദൗത്യസംഘം പി.ടി 7 എന്ന കൊമ്പനാനയെ പിടിച്ചത്: മന്ത്രി എ കെ ശശീന്ദ്രന്‍

വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്നലെ ദൗത്യം പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു. വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ടി സെവനെ പിടികൂടാനുള്ള ആദ്യഘട്ടം നല്ല വിജയമായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ദൗത്യം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അത്തരം വസ്തുതകള്‍ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പനെ ഇന്ന് രാവിലെയാണ് ദൗത്യസംഘം പി.ടി സെവനെ വെടിവെച്ചത്.

പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിക്കൊണ്ട് പി ടി സെവന്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്ന വനം വകുപ്പിന്റെ ദൗത്യസംഘം കോര്‍മ മേഖലയില്‍ വെച്ച് മയക്കുവെടിവെച്ചത്. നിലവില്‍ തീരുമാനിച്ച പദ്ധതി പ്രകാരം മയക്കുവെടിക്കുവെച്ചശേഷം പി ടി സെവനെ മെരുക്കാനായി വനംവകുപ്പ് ഏറ്റെടുക്കും. പി ടി സെവനെ കൂട്ടിലെത്തിക്കാന്‍ ലോറിയും ക്രെയിനും പുറപ്പെട്ടു, സഹായത്തിനായി മുത്തങ്ങയിലെ കുങ്കിയാനകളും ഒരുങ്ങിക്കഴിഞ്ഞു.

2022 നവംബര്‍ മുതലാണ് പി ടി സെവന്‍ തുടര്‍ച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനും ജനങ്ങളെ പരിഭ്രാന്തരാക്കാനും തുടങ്ങിയത്. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ പി.ടി സെവന്‍ എത്താറുണ്ട്. വിത്തിട്ട പാടം കതിരണിഞ്ഞു തുടങ്ങിയാല്‍ ഇടയ്ക്കിടെ പി.ടി സെവന്‍ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയാകുന്നത് ഈ അടുത്തകാലത്താണ്.

ഇതിനിടയില്‍ പല തരത്തില്‍ പി.ടി സെവനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാടിറങ്ങി നാട്ടുകാരെ വിറപ്പിക്കുന്ന കൊലകൊമ്പനെ പിടിച്ചുകെട്ടാന്‍ ദൗത്യ സംഘം എത്തുമ്പോഴേക്കും ഉള്‍ക്കാടുകളിലേക്ക് രക്ഷപെടുകയാണ് പി.ടി സെവന്റെ പതിവ്. ബഹളം ഒതുങ്ങുമ്പോള്‍ വീണ്ടും ഇരുട്ടിന്റെ മറവില്‍ കാടിറങ്ങുകയും ചെയ്യും. അതിനാല്‍ തന്നെ കൗശലക്കാരനായ പി.ടി സെവനെ മയക്കുവെടി വെച്ച് പിടിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.

കാട്ടാനകളെ മയക്കുവെടിവച്ച് തളയ്ക്കുന്നതില്‍ വിദഗ്ധനായ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ നേതൃത്വം നല്‍കുന്ന സംഘം പി.ടി സെവനെ മയക്കുവെടിവെച്ചതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ധോണിയില്‍ വിരാമമായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News