ഐഎസ്എല്ലില്‍ ഇന്ന് പൊരിഞ്ഞ പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. മുംബൈ സിറ്റിയോടുള്ള തോല്‍വിയില്‍നിന്ന് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് കൊമ്പന്മാര്‍. പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 14 കളിയില്‍ 20 പോയിന്റുമായി ആറാമതാണ് ഗോവ. തുടര്‍ ജയങ്ങളുമായെത്തിയ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ കളിയില്‍ മുംബൈക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

നാല് ഗോളിനാണ് തോറ്റത്. പ്രതിരോധത്തിലെ പിഴവുകള്‍ തിരിച്ചടിയാകുകയായിരുന്നു. മാര്‍കോ ലെസ്‌കോവിച്ചിന് കളിക്കാനായില്ല. പരിക്ക് മാറാത്ത ലെസ്‌കോവിച്ച് ഇന്നത്തെ കളിയിലും ഇറങ്ങില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം ആവശ്യമാണ്.

ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫ് യോഗ്യത നേടുക. മുംബൈ സിറ്റിമാത്രമാണ് യോഗ്യത ഉറപ്പിച്ച ഏക ടീം. ഗോവയ്ക്കെതിരെ കൊച്ചിയില്‍ കളിച്ചപ്പോള്‍ 3–1 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. മുന്നേറ്റനിരയുടെ കരുത്താണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിനുപിന്നില്‍. ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്നി എന്നിവര്‍ തിളങ്ങിയാല്‍ ബ്ലാസ്റ്റേഴ്സിന് കളംപിടിക്കാം.

മലയാളിതാരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍ എന്നിവരും നിര്‍ണായക സാന്നിധ്യമാകും. അതിനിടയിലും പ്രതിരോധത്തിന്റെ പോരായ്മയാണ് ആശങ്ക. ഗോവ അവസാനകളിയില്‍ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News