സി ഐ ടി യു;  തപന്‍ സെന്‍ ജനറല്‍ സെക്രട്ടറി, ഡോ. കെ ഹേമലത പ്രസിഡന്‍റ്

സി ഐ ടി യു ദേശീയ സമ്മേളനം നാലാം ദിനം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. സമ്മേളനം അഖിലേന്ത്യാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും ദേശീയ പ്രസിഡന്റായി ഡോ. കെ ഹേമലതയെയും ട്രഷററായി എം സായി ബാബുവിനെയുമാണ് തെരഞ്ഞെടുത്തത്.

സി ഐ ടി യു ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പ്രസിഡന്റായി ഡോ. കെ ഹേമലത തുടര്‍ച്ചയായ മൂന്നാം തവണയുമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. നവലിബറല്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കും. സിഐടിയുവിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുകയും നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമെന്ന് തപന്‍ സെന്‍ പറഞ്ഞു..

അതേസമയം വിവിധ മേഖലകളില്‍ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തെ ട്രേഡ് യൂണിയന്‍ – കര്‍ഷക സംഘടന ഐക്യ പോരാട്ടത്തിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്ന് ഡോ. കെ ഹേമലത പറഞ്ഞു. 39 അംഗ ഭാരവാഹികളില്‍ 7 പേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈ. പ്രസിഡന്റായ ദീപ കെ രാജന്‍ പുതുതായി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗ വര്‍ക്കിംഗ് കമ്മറ്റിയെയും 425 അംഗ ജനറല്‍ കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 178 പേരുണ്ട്.

ട്രേഡ് യൂണിയന്‍ ഐക്യം ശക്തമാക്കാനും, തൊഴിലാളികളുടെയും കര്‍ഷകരുടെയും യോജിച്ച പോരാട്ടം ഉയര്‍ത്തി കൊണ്ടുവരാനും ആഹ്വാനം ചെയ്താണ് രഞ്ജന നിരുല- രഘുനാഥ് സിംഗ് മഞ്ചില്‍ അഞ്ച് ദിവസം നീണ്ടു നിന്ന പ്രതിനിധി സമ്മേളനം സമാപിച്ചത്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here