മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍; ചരിത്രനേട്ടത്തില്‍ വയനാട്

മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈഷേന്‍ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്. പരമാവധി രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

മൊബൈല്‍ നമ്പറുള്ള എല്ലാവരുടെയും രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഫോണുണ്ടെങ്കില്‍ എല്ലാവരുടെയും രേഖകള്‍ അതില്‍ സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖകള്‍ വീണ്ടെടുക്കാനുള്ള സാധ്യത ആധാര്‍ അധികൃതരുമായി കത്തിടപാടുകള്‍ നടത്തിവരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ ജനസംഖ്യയുള്ള വയനാട് ജില്ലയില്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തികഞ്ഞ ഏകോപനത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ പഞ്ചായത്തിലും രണ്ടു മുതല്‍ നാല് ദിവസം വരെ നീണ്ട ക്യാമ്പുകള്‍ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിച്ച് പകലന്തിയോളം ഉദ്യോഗസ്ഥര്‍ ഇരുന്നാണ് രേഖകള്‍ നല്‍കിയത്. ഗുണഭോക്താക്കളെ അവരുടെ വീടുകളില്‍ പോയി കൊണ്ട് വന്ന് ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി എല്ലാ രേഖകളും ലഭ്യമാക്കി വീടുകളില്‍ തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനതലത്തിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പല ജില്ലകളിലും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.

ജില്ലാ ഭരണഭൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയായാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്ത് വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര ക്യാമ്പയിന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. ആകെ 64,670 പേര്‍ ഗുണഭോക്താക്കളായി.

റവന്യൂ, തദ്ദേശ സ്വയം ഭരണം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പി.ഡബ്ലിയുഡി ഇലക്ട്രോണിക്സ്, നെഹ്റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്.

ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകള്‍ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങള്‍ ഗോത്ര സൗഹൃദ കൗണ്ടറുകളും ഒരുക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News