സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ മേഖലകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ ഒരാളുണ്ട്. ആ പ്രതിഭ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് 32 വര്ഷം തികയുകയാണ്. പദ്മരാജന്‍. ആ ഒറ്റപേരില്‍ തന്നെ എല്ലാ മുഖവുരയും ഇല്ലാതാവുന്നു.
ഒരു മഴയോടൊപ്പം മലയാളികളുടെ മനസ്സിലേക്ക് കടന്ന് വന്ന ക്ലാര, മഞ്ഞു പുതച്ച മുന്തിരിതോപ്പിലൂടെ ടാങ്കര്‍ ലോറിയില്‍ സോഫിയയെയും ഒപ്പം കൂട്ടി വരുന്ന സോളമന്‍, ഈറനണിഞ്ഞ കണ്ണുകളോടെ മാത്രം ഓര്‍ക്കുന്ന പ്രിയ കൂട്ടുകാരി ശാലിനി, മഴയിലൂടെ പ്രണയത്തെ വരച്ചു കാട്ടിയ ജയകൃഷ്ണനും ക്ലാരയും. പ്രേക്ഷക മനസ്സില്‍ ഒരിക്കലും മായാത്ത അനുഭവങ്ങള്‍ തന്ന പപ്പേട്ടന് മരണമില്ല. മനുഷ്യ വികാരങ്ങളുടെ എല്ലാ വകഭേദങ്ങളും തികച്ചും സ്വാഭാവികമായി പറഞ്ഞു പ്രേക്ഷകരുടെ മനസ്സില്‍ വളരെ സമര്‍ത്ഥമായി ആ പ്രതിഭ ഇടം നേടി. ലൈംഗികതയെ ഗോപ്യമായും പാപമായും കണ്ട സമൂഹത്തെയും സിനിമ ലോകത്തെയും പദ്മരാജന്‍ പൊളിച്ചെഴുതി. തൂവാനത്തുമ്പികളിലെ ക്ലാരയും ജയകൃഷ്ണനുമൊക്കെ മലയാള സിനിമയില്‍ അമരത്വം നേടിയ കഥാപാത്രങ്ങളായി.
സാഹിത്യകാരന്‍ എന്ന നിലയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയാണ് പദ്മരാജന്‍ സിനിമ ലോകത്തിലേക്ക് കാല് കുത്തിയത് . അനേകം നോവലുകളും ചെറുകഥകളും അദ്ദേഹത്തിന്റെ കൈകളില്ലോടെ പിറന്നു. നക്ഷത്രങ്ങളെ കാവല്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ പദ്മരാജന്റെ പ്രായം 27 . ആദ്യമായി സംവിധാനം ചെയ്ത സിനിമയായ പെരുവഴിയമ്പലത്തിനു പ്രമേയമായത് തന്റെ തന്നെ നോവലായിരുന്നു. കൂടെവിടെയിലൂടെ റഹ്‌മാനെയും അപരനിലൂടെ ജയറാമിന്റെയും അഭ്രപാളികള്‍ക്ക് മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് പദ്മരാജനായിരുന്നു.
മലയാളികളുടെ പൊതുബോധത്തെ എന്നും പദ്മരാജന്‍ വെല്ലുവിളിച്ചിരുന്നു. നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പില്‍ സോളമന്‍ സോഫിയയെ സ്വീകരിക്കുമ്പോള്‍, പദ്മരാജന്‍ തകര്‍ത്തത് അന്നോളം നിലനിന്നിരുന്ന മലയാളികളുടെ യാഥാസ്ഥിക പൊതുബോധത്തെയാണ് . ബൈബിള്‍ വചനത്തിലൂടെ സോളമന്‍ തന്റെ പ്രേമം സോഫിയയെ അറിയിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് ഏറ്റവും നല്ല പ്രണയരംഗങ്ങളില്‍ ഒന്നാണ്
ഓരോ സിനിമയിലും സൗദാര്യാത്മകതയുടെ പുതിയ തലങ്ങള്‍ തേടുമ്പോഴും, പദ്മരാജന്റെ സിനിമകള്‍ ഓരോന്നും മൗലികമായി വേറിട്ടുനിന്നിരുന്നു. നിര്മലയും സാലിയുമായുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചലച്ചിത്രം മലയാള സിനിമയിലെ സ്വവര്‍ഗ്ഗപ്രണയത്തിന്റെ ആദ്യ ചിത്രികരണങ്ങളില്‍ ഒന്നായി നിരൂപകര്‍ വിലയിരുത്തി.
മനുഷ്യ ബന്ധങ്ങളുടെ സൂഷ്മതകള്‍ അവതരിപ്പിച്ച പദ്മരാജന്റെ സിനിമകള്‍, പ്രേക്ഷകരുടെ വൈകാരിക ലോകത്തിലേക്ക് കൊണ്ടെത്തിച്ചു. ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് മൂന്നാംപക്കം. ഈ സിനിമയിലെ അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ഇഴയടുപ്പവും പിന്നീട് ചലച്ചിത്രം പുരോഗമിക്കുമ്പോള്‍, അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതും അഗ്രപാളിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഈറന്‍ അണിയാത്തവരായി ആരും ഉണ്ടാവില്ല.
പ്രമേയത്തിലും ദൃശ്യാവിഷ്‌കാരങ്ങളിലും നടപ്പുവഴികളില്‍ നിന്ന് മാറി നടന്ന പദ്മരാജന്റെ സിനിമകള്‍ക്ക് FANTACY യും വിഷയമായി .
ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥ പദ്മരാജന്‍ ദൃശ്യവത്കരിച്ചപ്പോള്‍, FANTACY യുടെ മനോഹാരികത, പദ്മരാജന്‍ മലയാളികള്‍ക്ക് കാണിച്ചു തരികയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പദ്മരാജന്റെ അവസാന സിനിമയായും ‘ഞാന്‍ ഗന്ധര്‍വ്വന്‍’ മാറി
എഴുത്തുകാരന്‍ സംവിധായകനായതിന്റെ എല്ലാ മേന്മകളും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഉണ്ടായിരുന്നു. മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളെയും ആയാസരഹിതമായി അഭ്രപാളികളില്‍ രേഖപ്പെടുത്താനുള്ള അപാരമായ കഴിവാണ് പദ്മരാജന്റെ സിനിമകള്‍ക്ക് ആസ്വാദന മൂല്യം കൂട്ടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here