ആര്‍. രാഹുല്‍
ഇന്ന് ജനുവരി 23. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. മനുഷ്യന് പരമാധി നിശ്ചയിച്ചിരിക്കുന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ കാലം കഴിഞ്ഞിട്ടും മരണ ദിനമില്ലാത്ത രാഷ്ട്ര നായകന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റി ഇരുപത്തിയാറാം ജന്‍മദിനം. തിരുവനന്തപുരം പാളയത്ത് നിയമസഭ മന്ദിരത്തിന് തൊട്ടടുത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണ്ണകായ പ്രതിമയുണ്ട്. ഈ പ്രതിമക്ക് മാത്രമല്ല ഇന്ത്യയിലും ലോകമെമ്പാടുമുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സ്മാരകങ്ങള്‍ക്കും ഒരു പൊതു പ്രത്യേകതയുണ്ട്. അതിലൊന്നും നേതാജിയുടെ മരണ ദിനം അടയാളപ്പെടുത്തിയിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം മാറി മാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്കൊന്നും നേതാജിയുടെ മരണ ദിനം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ വര്‍ഷം നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു. എന്നാല്‍ 77 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; രാഷ്ട്ര നായകന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് എന്ത് സംഭവിച്ചു? 1945 ന് നടന്ന വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടോ? നേതാജിയുടെ ഔദ്യോഗികമായ മരണ ദിനം എന്നാണ്? ഇതിലൊന്നും വ്യക്തത വരുത്താന്‍ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഭരിച്ച ഭരണകൂടങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.1947 ആഗസ്റ്റ് 15ന് ശേഷം മാറിമാറി ഭരിച്ച എല്ലാ സര്‍ക്കാറുകള്‍ക്കൊന്നും നേതാജിയുടെ തിരോധാനം സംബന്ധിച്ച് നിഗൂഢത അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ അലംഭാവം തുടരുന്നതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
വിവരാവകാശനിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതേപ്പറ്റി ചോദിച്ചാല്‍ നേതാജിയെപ്പറ്റിയുള്ള 41 രഹസ്യരേഖകള്‍ അവിടെ സൂക്ഷിക്കുന്നുെണ്ടന്നാണ് തരുന്ന വിവരം. ഇതില്‍ 36 രേഖകളുടെ പേരുവിവരം നമുക്ക് നല്‍കും. എന്നാല്‍ അഞ്ചു രേഖകളുടെ പേരുവിവരം പോലും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പറയും. ഈ രേഖകള്‍ പുറത്തുവിടാന്‍ ഇന്ത്യയെന്ന പരാമാധികാര ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും അറിയിക്കും. നേതാജിയെപ്പറ്റി ഇന്ത്യന്‍ ഗവണ്‍മെന്റ് ശേഖരിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ 1945 ആഗസ്റ്റ്18 ന് അതായത് നേതാജി മരണപ്പെട്ടു എന്ന് പറയുന്നതിന് ശേഷമുള്ളവയാണ്. ഇവ പുറത്തുവിടാതിരിക്കുന്നത് വിവരാവകാശനിയമത്തിലെ 8(1) എ എന്ന വകുപ്പുപ്രകാരമാണ്. ഇതനുസരിച്ച് രാജ്യത്തിന്റെ പരമാധികാരത്തെ ദോഷകരമായി ബാധിക്കുന്ന യാതൊരു വിവരവും പരസ്യപ്പെടുത്തേണ്ടതില്ല എന്നാണ് പറയുന്നത്. അവ ആഭ്യന്തര ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത് . സര്‍ക്കാരിന്റെ കണ്ണില്‍ നേതാജി ഏതാണ്ട് 77 വര്‍ഷങ്ങള്‍ക്കു മുന്‍പ് തായ്വാനില്‍ ഉണ്ടായ ഒരു വിമാനാപകടത്തില്‍ മരിച്ചു. ഒരു അപകടമരണത്തെ രാജ്യത്തിന്റെ പരമാധികാരവും വിദേശതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതെങ്ങനെ? എഴുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും നേതാജി മരിച്ചു എന്ന് പൊതുസമൂഹത്തില്‍ വലിയൊരു ഭാഗത്തെയും സര്‍ക്കാര്‍ വിശ്വസിച്ചിരിക്കുകയാണ്. എന്നിട്ടും നേതാജിയെ സംബന്ധിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവണ്‍മെന്റ് ഭയക്കുന്നത് എന്തിനാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഭരണകൂടം തരില്ല. കാരണം എല്ലാ ഉത്തരങ്ങളും മുകളിലുള്ള വകുപ്പിനുള്ളില്‍ നില്‍ക്കുന്നവയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ഒരു മറുപടിയില്‍ പറയുന്നത്, അതീവരഹസ്യ രേഖകള്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുനഃപരിശോധിച്ച ശേഷം അവ പുറത്തുവിടണോ എന്നു തീരുമാനിക്കും എന്നാണ്. അങ്ങനെയെങ്കില്‍ ചില രേഖകള്‍ പത്തില്‍ കൂടുതല്‍ തവണ പുനഃപരിശോധനയ്ക്കു വിധേയമായിട്ടുണ്ട്. എന്നിട്ടും അവ അതീവരഹസ്യമായിത്തന്നെ ഇരിക്കട്ടെ എന്നു ഗവണ്‍മെന്റ് തീരുമാനിക്കണമെങ്കില്‍ അതിലുള്ളത് എന്തായിരിക്കും..??
1945 ആഗസ്റ്റ് 18 ലെ വിമാന അപകടത്തില്‍ മരിച്ചത് നേതാജിയായിരുന്നു എങ്കില്‍ ജപ്പാനിലെ റംങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടേത് എന്ന് പറയുന്ന ചിതാഭസ്മം ഡിഎന്‍എ ടെസ്റ്റുകള്‍ അടക്കം നടത്തി ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടി എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. അത് നേതാജിയുടേതാണെങ്കില്‍ അത് സംരക്ഷിക്കേണ്ടത് ജപ്പാനിലല്ലല്ലോ ? കാലം ഇതു വരെ അങ്ങനെയൊരു നടപടിക്ക് മാറി മാറി വന്ന ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ല.
നേതാജിയുടെ അടുത്ത അനുയായി ആയിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ പലതവണ അമേരിക്കന്‍ ഇന്റലിജന്‍സ് ചോദ്യം ചെയ്തത് എന്തിനായിരുന്നു. വാജ്പേയ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് മനോജ് കുമാര്‍ മുഖര്‍ജി കമ്മീഷന്‍ നേതാജി വിമാന അപകടത്തില്‍ മരിച്ചിട്ടില്ലെന്നും റഷ്യയിലേക്കോ ചൈനയിലേക്കോ രക്ഷപെട്ടു എന്ന് തെളിയിച്ചിട്ടും എന്തുകൊണ്ട് ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു?
നേതാജി മരിച്ചു എന്നു പറയുന്ന വിമാന അപകട വാര്‍ത്തയ്ക്ക് പിന്നാലെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. സഖ്യസൈന്യം ജപ്പാനില്‍ പ്രവേശിക്കുന്നതിനുമുമ്പുതന്നെ യുഎസിന്റെ ചാരവലയം ജപ്പാനെ വിഴുങ്ങിയിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനനാളുകളില്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ഐഎന്‍എ വനിത റെജിമെന്റിന്റെ ക്യാപറ്റന്‍ ലക്ഷ്മിയെ മറ്റ് ഐഎന്‍എക്കാര്‍ക്കൊപ്പം ചോദ്യംചെയ്തിരുന്നു. 1945 ആഗസ്റ്റ് 18 ന് ശേഷം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റഷ്യയുടെ അതിര്‍ത്തിവരെ നേതാജി സുഭാഷ് ചന്ദ്രബോസിനെ രഹസ്യമായി പിന്തുടര്‍ന്നിരുന്നു. അന്നവര്‍ പിന്‍തുടര്‍ന്നത് നേതാജി തന്നെയായിരുന്നോ എന്നറിയാനായിരുന്നു ലക്ഷ്മി സെഗളിനെ ചോദ്യം ചെയ്തത്. ഈ വിവരം ക്യാപ്റ്റന്‍ ലക്ഷ്മി 1992 ജൂലൈ 13ന് വി.പി.സെയ്‌നിയേയും 2001 ജൂണ്‍ 4 ന് ജസ്റ്റിസ് മുഖര്‍ജി കമ്മീഷനേയും അറിയിച്ചിരുന്നു. ജനറല്‍ ഡഗ്ലസ് മാക് ആര്‍തറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫോര്‍മോസ അതായത് നേതാജി മരിച്ചുവെന്ന് പറയപ്പെടുന്ന തായ്വാനില്‍ എത്തിയത് 1945 സെപ്റ്റംബറിലാണ്. എന്നാല്‍ ഇതിനുമുമ്പ് അവരുടെ ഏജന്റുമാര്‍ ജപ്പാനില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ദക്ഷിണ- പൂര്‍വ്വേഷ്യയിലെ സജീവ ചാര റിപ്പോര്‍ട്ടറായിരുന്നു ആല്‍ഫ്രഡ് വഗ്ഗ്. യുദ്ധസ്ഥലങ്ങളിലും തായ്പെയ്യിലും ജനറല്‍ ആര്‍തറിനോടൊപ്പം ആല്‍ഫ്രഡ് വഗ്ഗും സഞ്ചരിച്ചിരുന്നു. പ്രഥമാന്വേഷണത്തില്‍ തന്നെ സിഐഎയുടെ ഓഫീസ്സ് ഓഫ് സ്ട്രാറ്റജിക് സര്‍വീസസ് (ഒഎസ്എസ്) ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു; ‘സുഭാഷ് എവിടെയോ ഒളിവിലാണ്. ജപ്പാന്റെ പുകമറയാണ് വിമാന അപകടം.’ സുഭാഷ് വീണ്ടും രക്ഷപ്പെട്ടതായാണ് ഒ.എസ്.എസ്/സി.ഐ.എയുടെ അന്നത്തെ റിപ്പോര്‍ട്ടിലുളളത്. ജപ്പാനില്‍ നിന്ന് ജനറല്‍ ആര്‍തര്‍ കസ്റ്റഡിയിലെടുത്ത ഹബീബുര്‍ റഹ്‌മാനേയും ഐ.എന്‍.എയിലെ മറ്റ് അംഗങ്ങളേയും ചോദ്യം ചെയ്തതിന് ശേഷമാണ് ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തത്.
ജപ്പാന്‍കാരുടേയും ഐ.എന്‍.എക്കാരുടേയും സകല റിക്കോര്‍ഡുകളും അന്ന് പിടിച്ചെടുത്തിരുന്നു. ജനറല്‍ മാക് ആര്‍തര്‍ തന്റെ റിപ്പോര്‍ട്ട് പ്രസിഡന്റ് ഹാരി ട്രൂമാനും സൗത്ത് ഏഷ്യയുടെ സുപ്രീം കമാന്ററായ ലൂയിസ് മൗണ്ട് ബാറ്റനും അയച്ചു കൊടുത്തു. ‘സുഭാഷ് വീണ്ടും രക്ഷപ്പെട്ടു’ എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സെയ്‌ഗോണ്‍ യാത്രക്കുശേഷമാണ് ആല്‍ഫ്രഡ് വഗ്ഗ്, ജനറല്‍ ആര്‍തറിനോടൊപ്പം ചേരുന്നത്. വിമാനാപകടം നടന്ന് ദിവസങ്ങള്‍ക്കുശേഷം സെയ്‌ഗോണില്‍ വച്ച് ആല്‍ഫ്രഡ് വഗ്ഗ്, നേതാജിയെ കണ്ടിരുന്നു. സെയ്‌ഗോണിന്റെ ഇപ്പോഴത്തെ പേരാണ് വിയറ്റ്‌നാം. 1945 ആഗസ്റ്റ് 19 ന് ഹോചിമിന്‍, ചൈനീസ് ജനറല്‍ ലീ പോ ചെങ്ങ്, നേതാജി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തെക്കുറിച്ച് ഒരു അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെ വെളിച്ചം വീശുന്നത് 1945 ആഗസ്റ്റ് 18 ലെ വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ല എന്നതിലേക്കല്ലേ ?
1945 ആഗസ്റ്റ് 18ന് ഫോര്‍മോസയിലെ (ഇന്നത്തെ തായ്വാന്‍) തെയ്‌ഹോകു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് നേതാജി കൊല്ലപ്പെട്ടു എന്നതാണ് ഇന്നും പരക്കെയുള്ള വിശ്വാസം. എന്നാല്‍ ഈ വാര്‍ത്തയുടെ വിശ്വാസ്യതയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് അന്നും ഇന്നും ശക്തി കുറഞ്ഞിട്ടില്ല. എന്നാല്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യയില്‍ ജീവിച്ചിരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന രേഖകളും പില്‍ക്കാലത്ത് ചിലര്‍ പുറത്തു വിട്ടിരുന്നു. അതേ സമയം ഈ വിഷയത്തില്‍ അന്വേഷണം മുന്നോട്ട് പോയില്ല. ഇംഗ്ലീഷുകാരായ മൗണ്ട് ബാറ്റണ്‍, മക് ആര്‍തര്‍ എന്നിവര്‍ നിയമിച്ച അന്വേഷണ സംഘങ്ങളും, ബ്രിട്ടീഷ് അമേരിക്കന്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സര്‍വീസുമാണ് വിമാനാപകട വാര്‍ത്തയെ പൂര്‍ണമായും തള്ളിക്കളഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പതനത്തോടെ, കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി നേതാജി റഷ്യയിലേക്ക് ചേക്കേറിയിരിക്കാം എന്ന വിശ്വാസമാണ് ഇതോടെ ബലപ്പെട്ടത്. നേതാജിയുടെ മരണവാര്‍ത്തയില്‍ സംശയം പ്രകടിപ്പിച്ച് 1946ല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യ ടെലിഗ്രാം സന്ദേശവും ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കലുണ്ട്.
1945 ആഗസ്റ്റ് 18ന് തായ്വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നായിരുന്നു ഇക്കാലത്തെല്ലാം പുറം ലോകം വിശ്വസിച്ചതും ലോകത്തെ വിശ്വസിപ്പിച്ചതും. എന്നാല്‍ ആ മരണവാര്‍ത്ത പിന്നീട് ചുരുളഴിക്കാന്‍ കഴിയാത്ത നിഗൂഢതയായി മാറി. നേതാജിയുടെ ചിതാഭസ്മവും അവശിഷ്ടങ്ങളുമായി സൂക്ഷിച്ചിരുന്നതൊന്നും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേതല്ല എന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലുകള്‍ പിന്നീട് പുറത്തു വന്നു. ഇതോടെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ശക്തി കൂടി. നേതാജി സുഭാഷ് ചന്ദ്ര ബോസ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടി ലോകത്തിലെ തന്നെ ചരിത്ര ഗവേഷകര്‍ അലയുമ്പോള്‍ ഇന്ത്യയില്‍ അധികാരത്തിലിരുന്ന സര്‍ക്കാറുകള്‍ക്ക് സത്യത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നേതാജി എവിടെയായിരുന്നു? അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇതുവരെ അധികാരത്തിലിരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തു വിട്ട 64 രേഖകളില്‍ ഒന്നില്‍ പോലും വിമാനാപകടത്തെ കുറിച്ച് ഒന്നും പറയുന്നില്ല. യുഎസ്, യുകെ രഹസ്യരേഖകളിലും നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നില്ല. 12,000 പേജുകളുള്ള ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 1945ല്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്നത് സ്ഥിരീകരിക്കുന്ന രേഖകള്‍ പക്ഷെ ഈ ഫയലുകളിലില്ല. ഇതില്‍ ഒന്‍പതു ഫയലുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതും ബാക്കി ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമുള്ളതുമായിരുന്നു.അതേസമയം, നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങള്‍ക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു . 1997ല്‍ ഡീക്ലാസ്സിഫൈ ചെയ്ത രേഖകളിലാണ് വിമാനാപകടത്തിനു എട്ടു മാസങ്ങള്‍ക്കു ശേഷവും നേതാജി ജീവനോടെയിരിക്കുന്നുവെന്ന് ഗാന്ധി വിശ്വസിച്ചിരുന്നതായി വ്യക്തമാകുന്നത്. ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ പൊതുജനമധ്യത്തിലാണ് ഗാന്ധി ഇക്കാര്യം പറഞ്ഞത്. അതിനു നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഇക്കാര്യം ഗാന്ധിജി വിശദീകരിക്കുന്നുണ്ട്. കൃത്യമായ വിവരമില്ലെങ്കിലും അദ്ദേഹം ജീവനോടെയുണ്ടെന്ന തോന്നലുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞത്. താന്‍ റഷ്യയിലുണ്ടെന്നും ഇന്ത്യയിലേക്കു രക്ഷപെടണമെന്നും കാട്ടി നെഹ്റുവിന് നേതാജിയുടെ കത്തുവന്നെന്നുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഈ സമയത്തായിരിക്കാം ഗാന്ധിജി നേതാജി ജീവിച്ചിരിപ്പുണ്ടെന്ന് പ്രസ്താവന നടത്തിയതെന്നും ഒരു രേഖ പറയുന്നു. നേതാജിയുടെ മരണനതര ചടങ്ങുകള്‍ നടത്താന്‍ കുടുംബാംഗങ്ങളെ ഗാന്ധിജി വിലക്കിയിരുന്നു .1946 ഏപ്രിലിലെ ഹരിജന്‍ മാസികയില്‍ ഗാന്ധിജി ഇക്കാര്യങ്ങളെല്ലാം എഴുതിയിരുന്നുവെന്ന് നേതാജിയുടെ അനന്തരവന്റെ ഭാര്യയും നേതാജി റിസര്‍ച്ച് ബ്യൂറോ അധ്യക്ഷയുമായ കൃഷ്ണ ബോസ് പറയുന്നുണ്ട്.
നേതാജിയുടെ മരണത്തിന്റെ ദുരൂഹതയേക്കുറുച്ച് അന്വേഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ 1956 ലും 1970 ലും ഓരോ കമ്മീഷനുകളെ നിയോഗിച്ചിരുന്നു. അക്കാലങ്ങളില്‍ തായ്വാനുമായി നയതന്ത്ര ബന്ധം ഇല്ലാതിരുന്നതുകൊണ്ട് ഈ രണ്ട് കമ്മീഷനുകള്‍ക്കും അവിടുത്തെ സര്‍ക്കാറില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നേതാജി വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു.
എന്നാല്‍ വാജ്പേയ് സര്‍ക്കാര്‍ നിയോഗിച്ച മനോജ് കുമാര്‍ മുഖര്‍ജി കമ്മീഷന് തായ്വാന്‍ സര്‍ക്കാര്‍ നല്‍കിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നേതാജി സഞ്ചരിച്ചിരുന്ന വിമാനം തങ്ങളുടെ രാജ്യത്തുവെച്ച് അപകടത്തില്‍പ്പട്ടിട്ടില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. മാത്രമല്ല 1945 ആഗസ്ത് 18നു തങ്ങളുടെ രാജ്യത്ത് ഒരു വിമാന അപകടവും നടന്നിട്ടില്ലെന്ന അവരുടെ വാദം അമേരിക്കയും സ്ഥിരീകരിച്ചു. ഈ വിവരങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് മുഖര്‍ജി കമ്മീഷന്‍ നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ല എന്ന് വിധിയെഴുതി.
1985വരെ ഉത്തര്‍പ്രദേശില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി യഥാര്‍ഥത്തില്‍ നേതാജി ആയിരുന്നുവെന്ന് ശക്തമായ പല തെളിവുകളും നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് നേതാജിയുടെ അനുയായികളായിരുന്നവരില്‍ പലരും ബാബയുടെ കൂടെയും ഉണ്ടായിരുന്നുവെന്നതും അക്കാലത്തെ ബാബയുടെ ചെലവുകള്‍ വഹിച്ചിരുന്നത് അപ്പോഴത്തെ യു.പി. മുഖ്യമന്ത്രി സംപൂര്‍ണാനന്ദ് ആയിരുന്നുവെന്നതും നേതാജിയും ബാബയും ഒരാള്‍ ആണെന്നതിനായി തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.1970തില്‍ ബാബ അയച്ച ഒരു കത്ത് വിദഗ്ദര്‍ പരിശോധിച്ച് അതിന് നേതാജിയുടെ കയ്യക്ഷരവുമായി അത്ഭുതകരമായ സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.1969ല്‍ അമേരിക്കയുമായുള്ള ചര്‍ച്ചക്കായി പാരീസില്‍ എത്തിയ വിയറ്റ്നാം സംഘത്തില്‍ ഉണ്ടായിരുന്ന താടിയും മുടിയും നീട്ടി വളര്‍ത്തിയ ആള്‍ നേതാജി ആയിരുന്നെന്ന് ചിത്രങ്ങള്‍ വിലയിരുത്തി അവര്‍ സമര്‍ഥിക്കുന്നു. താന്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ബാബ അനുയായികളോട് പിന്നീട് സമ്മതിച്ചിരുന്നു.
‘ചുവന്ന ഭൂഖണ്ഡത്തില്‍ ബോസ് കഴിയുന്നുവെന്ന് ബ്രിട്ടീഷ് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടില്‍ 1949 മാര്‍ച്ച് 26ന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് അനുകൂല ടാബ്ലോയിഡ് ‘ദി ബ്ലിറ്റ്‌സ്’ വാര്‍ത്ത കൊടുത്തിരുന്നു. ഈ വാര്‍ത്ത ‘ഗോസ്റ്റ് ഓഫ് സുഭാഷ് ചന്ദ്ര ബോസ്’ എന്ന പേരില്‍ വിദേശകാര്യ സെക്രട്ടറിക്ക് അമേരിക്കന്‍ കൗണ്‍സല്‍ അയച്ചുകൊടുത്തു.
ശരത് ചന്ദ്ര ബോസിന്റെ നിര്‍ദേശപ്രകാരം താന്‍ രഹസ്യമായി ചൈന സന്ദര്‍ശിച്ച് സുഭാഷ് ചന്ദ്ര ബോസിനെ നേരിട്ട് കണ്ടെന്ന് നേതാജിയുടെ അനുയായിയും ഫോര്‍വേഡ് ബ്ലോക്ക് നേതാവുമായിരുന്ന മുത്തുരാമലിംഗ തേവര്‍ 1956ല്‍ ‘ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ്’ പോലുള്ള പത്രങ്ങളോട് പറഞ്ഞിരുന്നു.
1945 ആഗസ്റ്റ് 18ന് മരിച്ചു എന്ന് പറയുന്ന നേതാജിയെ അതേ വര്‍ഷം ഡിസംബര്‍ മാസത്തില്‍ ബര്‍മ്മ തായ്ലാന്റ് അതിര്‍ത്തിയില്‍ കൊണ്ടുവിട്ടിരുന്നുവെന്ന് വളരേക്കാലം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന നിസ്സാമുദ്ദീന്‍ തുറന്നു പറഞ്ഞിരുന്നു. ബാബയുടെ വലംകൈയ്യും നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൗജിന്റെ ചെയര്‍മാനും കൂടിയായിരുന്ന എസ്.വി. സ്വാമി, ബാബ നേതാജി തന്നെയായിരുന്നെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നിസ്സാമുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു.
നേതാജിയുടെ ജ്യേഷ്ഠന്‍ സുരേഷ് ബോസ് മരണ മൊഴിയില്‍ പറഞ്ഞത് തന്റെ സഹോദരന്‍ ജീവിച്ചിരിക്കുന്നു എന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 1983ല്‍ ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞത്, ‘നേതാജി ഇന്നും ജീവിച്ചിരിക്കുന്നു ഇപ്പോള്‍ അദ്ദേഹം ഒരു സന്യാസി’ ആണെന്നാണ്.
ഇന്ത്യയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഒരു ധീരദേശാഭിമാനിയുടെ തിരോധാനം ഇനിയും ഒരു കടങ്കഥയായി തുടരുന്നത് എന്തുകൊണ്ടാണ്. 1969ല്‍ വിയറ്റ്നാം പ്രതിനിധി സംഘങ്ങളോടൊപ്പം പാരിസില്‍ വന്നതാരാണ്? ഗുംനാമി ബാബ വിയറ്റ്നാം യുദ്ധത്തെ പറ്റി കൃത്യമായ വിവരണം നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു.? നേതാജിയുടെ കൈവശം ഉണ്ടായിരുന്ന പല വസ്തുവകകളും എങ്ങനെ ബാബയുടെ കൈവശം എത്തി.? ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവും നേതാജിയുടെ തിരോധാനവും തമ്മില്‍ എന്താണ് ബന്ധം? ദുരൂഹത നീക്കാന്‍ ആര്‍ക്കാണ് തടസ്സം, അല്ലെങ്കില്‍ ആരാണ് തയ്യാറാകാത്തത്. ചോദ്യങ്ങള്‍ ഒരുപാടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ആദ്യകാല ഉടമ്പടിപ്രകാരം ഒളിവില്‍ പോയ യുദ്ധക്കുറ്റവാളികള്‍ 25 വര്‍ഷക്കാലയളവിനു ശേഷം പുറത്തു വന്നാല്‍ അവരെ പഴയ കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യേണ്ടതില്ല എന്നായിരുന്നു. 1971 ല്‍ ഇതിലൊരു ഭേദഗതിയുണ്ടായി. നിര്‍ദിഷ്ട കാലയളവിനു ശേഷവും പഴയ ആരോപണങ്ങളുടെ മേല്‍ വിചാരണയാവാമെന്നാക്കി. ഈ ഉടമ്പടി ഇന്ത്യയും അംഗീകരിച്ചു. ഹിറ്റ്ലര്‍, ടോജോ, മുസോളിനി തുടങ്ങിയ പ്രധാന യുദ്ധക്കുറ്റവാളികള്‍ നേരത്തെ മരിച്ചിരുന്നു.1945 ആഗസ്റ്റ് 18ന് മറ്റൊരു യുദ്ധക്കുറ്റവാളിയായ നേതാജി സുഭാഷ് ചന്ദ്ര ബോസും ഔദ്യോഗിക പുസ്തകങ്ങളിലെല്ലാം കൊല്ലപ്പെട്ടിരുന്നു. എങ്കില്‍ ഇന്ത്യ ആ കരാര്‍ പുതിയത് ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യത്തിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ല. ഇന്ത്യ എന്തിനാണ് ഒരു കാരണവുമില്ലാതെ തിടുക്കത്തില്‍ ആ ഉടമ്പടി അംഗീകരിച്ചത്?
അധികാരത്തിന്റെ പിന്നിലൊതുങ്ങാന്‍ ഒരിക്കലും താല്‍പര്യമില്ലാതെ നാടിനു വേണ്ടി മാത്രം ജീവിച്ച ഒരുമനുഷ്യന് എന്ത് സംഭവിച്ചു എന്ന് രാജ്യത്തിനെ ബോധിപ്പിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിന് പകരം ഓരോ കാര്യങ്ങളും മാറ്റി മാറ്റി പറഞ്ഞ് മാറിമാറി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരുകള്‍ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ്. മറുപടി പറയാന്‍ ഭരണ കൂടത്തിന് നിര്‍ബന്ധമായും ബാധ്യതയുണ്ട്? ഈ രഹസ്യങ്ങള്‍ അറിയേണ്ടത് ഇന്ത്യന്‍ ജനതയുടെ അവകാശമാണ്. അത് വെളിപ്പെടുത്തേണ്ടത് ഭരണാധികാരികളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here