സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും അടയാളപ്പെടുത്തുന്ന നയപ്രഖ്യാപനം

വികസന കേരളത്തിന്റെ നിര്‍മ്മിതി വിഭാവനം ചെയ്തുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അടിവരയിടുന്നതായിരുന്നു പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. വര്‍ത്തമാന കാലത്ത് സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും സാമൂഹിക ശാക്തീകരണത്തില്‍ കേരളം മാതൃകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഫെഡറലിസത്തെ മാനിക്കാതെയുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളെ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് നയപ്രഖ്യപാന പ്രസംഗം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തില്‍ കേരളം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. സാങ്കേതിക വളര്‍ച്ചയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉല്‍പാദനത്തിന്റെ പുതിയ തലങ്ങളിലേക്കാണ് യുവജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേരളം കടക്കുന്നത്. തൊഴില്‍പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയില്‍ 20 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് എക്കോണമി മിഷന്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നുണ്ട്. യുവജനങ്ങള്‍ക്ക് ജോലിയിലൂടെ മുന്നേറ്റം സാധ്യമാക്കുമ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ശ്രദ്ധനല്‍കുന്നതിലൂടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ വയോശ്രേഷ്ഠ സമ്മാന്‍ 2021 കേരളം കരസ്ഥമാക്കിയത് വയോജനങ്ങളോടുള്ള കരുതലിന്റെ പ്രതിഫലനമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഇടപെടല്‍ വഴി കേരളത്തെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര നിരക്കുള്ള സംസ്ഥാനമായി മാറ്റി എന്ന വിലയിരുത്തലാണ് നയപ്രഖ്യാപന പ്രസംഗത്തിലൂള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വികസന അജണ്ട ദാരിദ്ര നിരക്കിന്റെ തോത് വലിയ അളവില്‍ കുറച്ചു. നീതി അയോഗിന്റെ ബഹുമുഖ ദാരിദ്ര സൂചികയിന്മേലുള്ള അടിസ്ഥാനതല റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ ബഹുമുഖ ദാരിദ്രം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.7% ആണ്. ഇത് കേരളത്തിന്റെ ദാരിദ്ര നിര്‍മാര്‍ജന പദ്ധതികളുടെ ഫലമാണെന്നും നയപ്രഖ്യാപനം അടിവരയിടുന്നുണ്ട്.

നഗര-ഗ്രാമ മേഖലകളിലെ എല്ലാവര്‍ക്കും ഭൂമിയും വീടും എന്ന ലക്ഷ്യം പതിനഞ്ചാം കേരള സര്‍ക്കാരിനുണ്ട്. 2016 ല്‍ ആരംഭിച്ച ‘ലൈഫ്’ മിഷന്റെ ആഭിമുഖ്യത്തില്‍ 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂര്‍ത്തീകരിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം ലൈഫ് മിഷന്‍ പുനഃരാരംഭിക്കുമെന്നും അതിനുവേണ്ട ഭൂമി ലഭ്യമാക്കിയെന്നും നയപ്രഖ്യാപനം പറയുന്നു. ആദിവാസി മേഖലകളില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനായി തൊഴിലവസരങ്ങളും മൊബൈല്‍ ക്ലിനിക്കുകളും ആരംഭിക്കും. ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് കേരളത്തിന് സാധ്യമായത്. സ്തീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പാക്കിയും എല്ലാ താലൂക്കുകളിലും ക്യാന്‍സര്‍ ചികിത്സ സംവിധാനം കൊണ്ടുവരുന്നതോടെ വലിയ മാറ്റം തന്നെ സാധ്യമാകുന്നതായും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
സ്ത്രീമുന്നേറ്റം സാധ്യമാക്കാനുള്ള ഇടപെടലുകള്‍ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിച്ചുവെന്നും നയപ്രഖ്യാപനം വിലയിരുത്തുന്നുണ്ട്. മാധ്യമ സ്വാന്ത്ര്യത്തിന് കരുത്ത് പകരുകയും ഭാവിയിലെ വികസന കേരളത്തെ വരച്ചുകാട്ടുകയും ചെയ്യുന്നതാണ് ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനം. ജനപങ്കാളിത്തത്തോടെ നിലവിലെ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നയപ്രഖ്യാപന പ്രസംഗം അവസാനിക്കുന്നത്.

ബഡ്ജറ്റ് അവതരണത്തിനായി എട്ടാം സമ്മേളനത്തിനായി നിയമസഭ ചേരുമ്പോള്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിഞ്ഞുമാറുമെന്ന നിരീക്ഷണവും മാധ്യമങ്ങള്‍ നടത്തിയിരുന്നു. ഇത്തരം വിവാദങ്ങളെയെല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നിലപാടുകളും പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗവേളയില്‍ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. രാവിലെ ഒമ്പതിന് സഭാകവാടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News