ബിബിസി ഡോക്യുമെന്ററി ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുത് നിര്‍ദ്ദേശവുമായി ജെ.എന്‍.യു

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും JNU അധികൃതർ വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന ന്യായീകരണമാണ് ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നോട്ടീസിലൂടെ പറയുന്നത്. ക്യാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി അധികൃതരില്‍ നിന്നും മുന്‍കൂട്ടി വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ രാത്രി 9 മണിക്ക് ജെഎന്‍യു ക്യാംപസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വ്വകലാശാലയുടെ ഇടപെടല്‍. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി നിരോധിച്ചത്.

സുപ്രീം കോടതി വിധിയെയും രാജ്യത്തെ ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന പ്രൊപ്പഗന്‍ഡ ചിത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി എന്ന വാദവുമായി ഒരുവിഭാഗം പ്രമുഖ വ്യക്തികള്‍ രംഗത്ത് വന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാര്‍ത്തപ്രക്ഷേപണ മന്ത്രാലയം തുടങ്ങിയ വകുപ്പുകള്‍ ഡോക്യുമെന്ററിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘മോദിയെ അപകീര്‍ത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നിര്‍മിച്ച ഡോക്യുമെന്ററിയാണിത്. ചില മുന്‍വിധികളും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളും കൊളോണിയല്‍ ചിന്തയുമെല്ലാം വ്യക്തമായി ഡോക്യുമെന്ററിയില്‍ കാണാന്‍ സാധിക്കും. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല”,എന്നാണ് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.

എന്നാല്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News