സാമ്പത്തിക പ്രതിസന്ധി കടുത്ത പാകിസ്ഥാൻ ഇരുട്ടിൽ തുടരുന്നു. വൈദ്യുതി നിലയങ്ങളിലെ ഇന്ധന ക്ഷാമമാണ് പാക് ജനതയെ പവർക്കട്ടിൽ എത്തിച്ചത്. പണപ്പെരുപ്പവും കടക്കെണിയും പരിഹരിക്കുന്നതിലും പരാജയപ്പെടുകയാണ് പാകിസ്ഥാൻ ഭരണകൂടം.
ഇസ്ലാമാബാദും കറാച്ചിയുമടക്കം മണിക്കൂറുകളുടെ പവർക്കട്ടിൽ കുടുങ്ങിയതോടെ മാന്ദ്യം നിത്യജീവിതത്തിലേക്ക് എത്തിയെന്ന് ഉറപ്പിക്കുകയാണ് പാക് ജനത. ട്രെയിൻ ഗതാഗതവും സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താറുമാറായ പാകിസ്ഥാനിൽ വൈദ്യുതി ഉപയോഗത്തിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കറണ്ടുകട്ടിന് കാരണം പവർഗ്രിഡിലെ തകരാറാണെന്ന് പാകിസ്ഥാൻ ഭരണകൂടം വാദമുയർത്തുന്നുണ്ടെങ്കിലും ഡീസൽ, കൽക്കരി നിലയങ്ങളിലെ വൈദ്യുതി ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വൈദ്യുതി ഉൽപാദനത്തിന്റെ സിംഹഭാഗവും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് നടത്തിയെടുക്കുന്ന പാകിസ്ഥാൻ പണപ്പെരുപ്പവും കറൻസി വിലത്തകർച്ചയും മൂലം നട്ടംതിരിയുകയാണ്. കൂടുതൽ കടം വാങ്ങി ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഷഹബാസ് ഷരീഫ് സർക്കാരിൻ്റെ നീക്കം പ്രതിപക്ഷത്തിൻ്റെ പരിഹാസത്തിനും വഴിവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഭിക്ഷാപാത്രവുമായി ലോകം ചുറ്റുകയാണെന്നാണ് ഇമ്രാൻ ഖാൻ്റെ വിമർശനം. പാകിസ്ഥാൻ്റെ ഉടലാകെ മുക്കിക്കളഞ്ഞ പ്രളയം നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമാണെങ്കിലും മാറിമാറി ഭരിച്ച സർക്കാരുകളുടെ കെടുകാര്യസ്ഥതയും ജനം ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ടു പതിറ്റാണ്ടിനിടെ അഞ്ച് തവണ ഐഎംഎഫിൽ നിന്ന് ഭീമസംഖ്യ കടം വാങ്ങിയ പാകിസ്ഥാൻ മറ്റൊരു കടംവാങ്ങൽക്കെടുതിയുടെ പടിയിലാണിപ്പോൾ. നിഷ്കർഷിക്കുന്ന നിബന്ധനകൾ നടപ്പാക്കിയാൽ മാത്രമേ പണം തരികയുള്ളൂ എന്ന ശാഠ്യം പിടിക്കുകയാണ് ഐഎംഎഫ്. അത് പ്രകാരം നികുതികളും വൈദ്യുതി,വെള്ളക്കരവും കൂട്ടിത്തുടങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. വിവിധ രാജ്യങ്ങളുടെ നിരുപാധിക സഹകരണം കാത്തിരിക്കുകയാണ് പാക് ജനത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here