റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റ അഭിമാനമായി ആദിത്യ സുരേഷ്. കൊല്ലം പോരുവഴി ഏഴാംമൈൽ സ്വദേശികളായ ടികെ സുരേഷ്- രഞ്ജിനി ദമ്പതികളുടെ ഇളയ മകനാണ് പുരസ്‌കാര നേട്ടത്തിൻ്റെ നെറുകയിലെത്തിയ ആദിത്യ. കലാരംഗത്തെ മികവിനാണ് ആദിത്യയെ പുരസ്കാരം തേടിയെത്തിയത്.
ഗുരുതരരോഗത്തെ അതിജീവിച്ചുകൊണ്ട് സംഗീതത്തിൽ മികവു തെളിയിച്ചതിനാണ് പതിനഞ്ചുകാരനായ ആദിത്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നാല് വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ആദിത്യ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പദ്യപാരായണത്തിൽ എ ഗ്രേഡും സ്വന്തമാക്കിയിരുന്നു.
കുന്നത്തൂർ ബിജിഎസ് അംബികോദയം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അറുനൂറോളം വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള ആദിത്യ സോഷ്യൽ മീഡിയയിലും താരമാണ്. അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകരോഗത്തോടെയാണ് ആദിത്യയുടെ ജനനം. 4 വയസ്സുവരെ എഴുന്നേറ്റിരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ ഇരുപതിലേറെ തവണയാണ് ആദിത്യയുടെ എല്ലുകളൊടിഞ്ഞു നുറുങ്ങിയത്.
അമർത്തി തൊട്ടാലോ കെട്ടിപിടിച്ചാലോ ഒടിയുന്ന എല്ലുകളുമായി വേദനയോടു പൊരുതിയാണ് കലാരംഗത്ത് ആദിത്യ ഉന്നതിയിലെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മുമ്പും ആദിത്യയെ തേടിയെത്തിയിട്ടുണ്ട്.
അഞ്ച് വയസു മുതൽ 18 വയസ് വരെയുളളവർക്കാണ് പ്രധാൻ മന്ത്രി ബാല പുരസ്‌കാരം നൽകുന്നത്. കായികം, കല -സംസ്‌കാരം, പാണ്ഡിത്യം, സാമൂഹ്യ സേവനം, ധീരത തുടങ്ങിയ ആറ് വിഭാഗങ്ങളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവർക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം.
കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചടങ്ങിൽ 11 കുട്ടികൾക്കാണ് രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്. കുട്ടികൾ രാജ്യത്തിന്റെ അമൂല്യ സ്വത്താണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അവരുടെ ഭാവി മികച്ചതാക്കാനുളള ഏത് ശ്രമവും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി ശോഭനമാക്കുന്നതാണ്. പുരസ്‌കാര ജേതാക്കളിൽ പലരും ചെറുപ്രായത്തിൽ തന്നെ അജയ്യമായ ധീരത കൊണ്ട് അത്ഭുതപ്പെടുത്തിയവരാണെന്നും ഇവർ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും യുവജനതയ്ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ചാണ് പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here