കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഷിബു അബ്രഹാമിന് ഡയറക്ടറുടെ താല്ക്കാലിക ചുമതല

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ഡയറക്ടര്‍ രാജിവെച്ച ഒഴിവിലേക്ക് ഫിനാന്‍സ് ഓഫീസര്‍ ഷിബു അബ്രഹാമിന് താല്‍ക്കാലിക ചുമതല നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്ക്കാലിക ചുമതല നല്‍കി ഉത്തരവിട്ടിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അതേസമയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനിശ്ചിതകാല വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഡയറക്ടറെ ഒഴിവാക്കുക എന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം ഡയറക്ടര്‍ രാജിവച്ചിരുന്നു. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി തൊട്ടുപിന്നാലെ സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകള്‍ നികത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സ്വീകാര്യതയുള്ള സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും സമിതിയുടെ അധ്യക്ഷന്‍. അക്കാദമിക്ക് പരാതികള്‍ പരിശോധിക്കാന്‍ അക്കാദമിക് വിദഗ്ധ സമിതിയും രൂപീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് 31നകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ രമ്യമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി. ബൈലോയിലെയും ബോണ്ടിലെയും വ്യവസ്ഥകള്‍ പുന:പരിശോധിക്കും. സമിതി റിപ്പോര്‍ട്ടുകള്‍ രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ജാതിവിവേചനവും സംവരണ അട്ടിമറിയും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങിയത്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍ വിദ്യാര്‍ത്ഥികളുടെ അടുത്തും ജീവനക്കാരുടെ അടുത്തും ജാതിവിവേചനം കാണിക്കുന്നു എന്നതായിരുന്നു പ്രധാനപരാതി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ ഡയറക്ടര്‍ രാജിവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News