ഇന്‍ഫ്ളുവന്‍സയ്ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡിനെതിരെ മാത്രമല്ല ഇന്‍ഫ്ളുവന്‍സയ്ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍ഫ്ളുവന്‍സയ്ക്ക് വേണ്ടിയുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെങ്കിലും ഇന്‍ഫ്ളുവന്‍സ കേസുകള്‍ കാണുന്നുണ്ട്.

കൊവിഡിന്റേയും ഇന്‍ഫ്ളുവന്‍സയുടേയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കൊവിഡും ഇന്‍ഫ്ളുവന്‍സയും കൊണ്ടാകാം. ഈ സാഹചര്യത്തില്‍ നേരത്തെ ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടുത്തിടെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും ഇന്‍ഫ്ളുവന്‍സ കൂടുതല്‍ തീവ്രമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം

2. പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.

3. അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍-കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃത്യമായും പാലിക്കണം.

4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.

5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.

6. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.

7. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.

8. കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.

9. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News