ദില്ലി ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന ദിവസം ശ്രദ്ധ മറ്റൊരു സുഹൃത്തിനെ കാണാൻ പോയത് പ്രതി അഫ്താബിന് ഇഷ്ടമായിരുന്നില്ലെന്നും ഇത് കണ്ട് അക്രമാസക്തനായ പ്രതി കൃത്യം നടത്തുകയായിരുന്നുവെന്നുമാണ് ദില്ലി പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
നൂറിലേറെ പേരുടെ സാക്ഷിമൊഴികള്‍ അടങ്ങിയ മൂവായിരം പേജുള്ള കരട് കുറ്റപത്രമാണ് പൊലീസ് സംഘം തയ്യാറാക്കിയത്. കേസില്‍ ഏറെ നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകളുടെ വിശദാംശങ്ങളും പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴിയും നാര്‍ക്കോ പരിശോധന ഫലവും മറ്റു ഫൊറന്‍സിക് പരിശോധനഫലങ്ങളും അടങ്ങിയതാണ് കുറ്റപത്രം.
2022 മേയ് 18-ാം തീയതിയാണ് പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ അഫ്താബ് അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പുതിയ ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങള്‍ ദില്ലി മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ശ്രദ്ധയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. പിടിയിലായ അഫ്താബ് പൊലീസിനോട് കുറ്റംസമ്മതിക്കുകയും ചെയ്തു. പൊലീസ് സംഘം നടത്തിയ തെളിവെടുപ്പില്‍ വനമേഖലയില്‍നിന്ന് ചില അസ്ഥികള്‍ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here