സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്… പൊതിച്ചോറിനുള്ളിൽ കണ്ട കുറിപ്പ്; വൈറൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നല്കാൻ ഡിവൈഎഫ്ഐ ആവിഷ്കരിച്ച ‘ഹൃദയപൂര്‍വ്വം’ പദ്ധതിയുടെ മാതൃക ചെറുതല്ല. ഒരു ദിവസമല്ല, എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളുടെ വിശപ്പടക്കാൻ ഇതുവഴി കഴിയുന്നുണ്ട്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുപൊലെ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ കുറിപ്പാണ് ഇപ്പോൾ സമൂ​​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്.

ഹൃദയപൂർവ്വം പൊതിച്ചോറ് വാങ്ങി കഴിക്കാനായി തുറന്നപ്പോഴാണ് ഈ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ” എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ! ” എന്നാണ് ഭക്ഷണത്തോടൊപ്പം വച്ചിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. പൊതിച്ചോറിനൊപ്പം സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും കരുതലിന്റേയും മധുരം വിളമ്പിയവർക്ക് നന്ദിയറിയിച്ചുകൊണ്ടാണ് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ….

“ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ”
കോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണം – പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! ‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.
പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.

(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം❤️
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.☺️
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം☺️)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News