കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അനില്‍ ആന്റണിയുടെ രാജിക്കത്ത്. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ ആവര്‍ത്തിക്കുന്ന സമീപനം തന്നെയാണ് രാജിക്കത്തിലും അനില്‍ ആന്റണി സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്ന രാജിക്കത്തില്‍ അനില്‍ ആന്റണി ഉന്നയിച്ചിരിക്കുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെയാണ് പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നത്. ‘നേതാക്കന്മാരും അവര്‍ക്ക് ചുറ്റുമുള്ള മനോനില തെറ്റിയ ആരാധകവൃന്ദങ്ങളും സ്വാര്‍ത്ഥതാല്പര്യക്കാരും, കുതികാല്‍ വെട്ടുകാരുമാണെന്ന് എനിക്കിപ്പോള്‍ മനസിലായിരിക്കുന്നു. അത് മാത്രമാണ് പാര്‍ട്ടിയില്‍ ഇന്ന് ആകെ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ, നമ്മള്‍ക്കിടയില്‍ പൊതുവായി ഒന്നുമില്ല’ അനില്‍ ആന്റണി ട്വീറ്റില്‍ ആരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തം.

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ സ്വീകരിച്ച ബി.ജെ.പി അനുകൂല നിലപാട് രാജിട്വീറ്റിലും അനില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. ‘രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കല്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീണവസാനിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന്’ ട്വീറ്റില്‍ അനില്‍ ആന്റണി ആവര്‍ത്തിക്കുന്നുണ്ട്. ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് കൂടിയാണ് ഇതിലൂടെ അനില്‍ ആന്റണി വ്യക്തമാക്കുന്നത്. അതോടൊപ്പം തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നേതാക്കളെ അന്ധമായി പിന്തുണയ്ക്കുന്ന മനോനില തെറ്റിയ ആരാധകവൃന്ദങ്ങളാണ് എന്നുകൂടി അനില്‍ പറഞ്ഞ് വയ്ക്കുന്നുണ്ട്.

കെ.പി.സി.സിയോടും ശശി തരൂരിനോടും പ്രത്യേകം നന്ദിരേഖപ്പെടുത്തുന്ന രാജിട്വീറ്റില്‍ മറ്റൊരു നേതാക്കളുടെയും പേര് സൂചിപ്പിച്ചിട്ടില്ല. ‘പാര്‍ട്ടിക്ക് വേണ്ടി എന്റെ കഴിവുകളെ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഇനിയുള്ള കാലത്ത് ഇത്തരം വിവാദങ്ങളാല്‍ ബാധിക്കപ്പെടാതെയും, രാജ്യതാല്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടും എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധതിരിക്കാനാണ് തീരുമാനം’ രാജിട്വീറ്റില്‍ അനില്‍ ആന്റണി വ്യക്തമാക്കുന്നു.

അനില്‍ ആന്റണിയുടെ മോദി അനുകൂല നിലപാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ രാജിട്വീറ്റ് പുറത്ത് വരുന്നത്. അനില്‍ ആന്റണിയെ നിലവിലെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതായും വിവരമുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു അനില്‍ ആന്റണിയുടെ അപ്രതീക്ഷിത രാജിട്വീറ്റ് പുറത്ത് വന്നത്. ‘കോണ്‍ഗ്രസ്സിലെ സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുന്നു. ഇതെന്റെ രാജിക്കത്തായി കണക്കാക്കുക’ അനില്‍ ആന്റണി രാജിട്വീറ്റില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News