ചരിത്രം കുറിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് ദില്ലിയിൽ

ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ സിസി ദില്ലിയിൽ എത്തി. ഇന്ന് രാവിലെയോടെ തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് സ്വീകരിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് തിരിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിട്ടുളള അൽ സിസിയുടെ സന്ദർശനം എല്ലാ ഇന്ത്യക്കാർക്കും അതിയായ സന്തോഷം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ കുറിച്ചു.

ദില്ലിയിൽ വിമാനമിറങ്ങിയ ഈജിപ്ഷ്യൻ പ്രസിഡൻ്റിനെയും അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ സംഘത്തെയും വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിൻ്റെ നേതൃത്വത്തിൽ രാവിലെ വിമാനത്താവളത്തിൽ സ്വീകരിച്ചു.രാഷ്ട്രപതി ഭവനിൽ കേന്ദ്രമന്ത്രിമാരായ എസ് ജയ്‌ശങ്കർ, ധർമ്മേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ എന്നിവരും ഡൽഹി ലഫ്റ്റന്റ് ഗവർണർ വികെ സക്‌സേനയും ഈജിപ്ഷ്യൻ പ്രസിഡൻ്റിനെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം എഴുപത്തിയഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ കൂടിയാണ് അദ്ദേഹത്തിന്റെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. ജി 20യിൽ അതിഥി രാജ്യമായി ഈജിപ്തിന് ഇന്ത്യയുടെ ക്ഷണമുണ്ട് എന്നതും ശ്രദ്ധേയമാണ്.

ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിലും മറ്റ് പരിപാടികളിലും പങ്കെടുത്ത ശേഷം അദ്ദേഹം വെള്ളിയാഴ്ച്ച ഈജിപ്തിലേക്ക് തിരിയുമെന്നാണ് സൂചന. അതിനിടയിൽ പ്രതിരോധ, നയതന്ത്ര രംഗങ്ങളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News