രാഹുൽ ചെറുകാടൻ
മനസിൽ അടൂർ ഭാസി, ബഹദൂർ തുടങ്ങി ജഗതി ശ്രീകുമാർ വരെ ഒരുപാട് മുഖങ്ങൾ മിന്നി മറയും. എന്നാൽ മലയാളത്തിന്റെ ഹാസ്യ രാജ്ഞി എന്ന വിശേഷണം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതാണ്. കല്‍പനയെന്ന കല്‍പന പ്രിയദര്‍ശിനിക്ക് മാത്രം. മലയാളത്തിൻ്റെ പ്രിയ നടി കൽപന വിടവാങ്ങിയിട്ട് ഏഴു വർഷം പൂർത്തിയാകുന്നു.
ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് തിളങ്ങി നിന്ന രാഗിണി പത്മിനി സഹോദരിമാരുടെ പെരുമയുടെ പിൻഗാമികളായി മൂന്ന് സഹോദരിമാർ പിന്നീട് ഉദയം ചെയ്തു. അപ്പോഴേയ്ക്കും സിനിമയുടെ അഭ്രപാളി കളർ സിനിമയ്ക്ക് വഴിമാറിയിരുന്നു. അഭിനയത്തിന്റെ അതിഭാവുകത്വം സ്വഭാവിക അഭിനയത്തിന് വഴിമാറിയ കാലത്തായിരുന്നു കലാരഞ്ജിനിയും കൽപ്പനയും ഉർവ്വശിയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. റാണിപത്മിനിമാർക്ക് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും കഴിവുറ്റ അഭിനേത്രി സഹോദരിമാരെന്ന് പിന്നീട് ഇവരെ ചരിത്രം അടയാളപ്പെടുത്തി.
ഹാസ്യം നന്നായി വഴങ്ങുന്ന അഭിനയ ശൈലി സഹോദരിമാർക്ക് മൂന്ന് പേർക്കും വഴങ്ങിയിരുന്നു. കലാരഞ്ജിനിയും ഉർവശിയും നായികാ പ്രാധാന്യവേഷങ്ങളിൽ പരിഗണിക്കപ്പെട്ടപ്പോൾ സ്വതസിദ്ധമായ അഭിനയ ശൈലി കൽപ്പനയ്ക്ക് സമ്മാനിച്ചത് മികച്ച സ്വഭാവവേഷങ്ങൾ. പിന്നീട് കൽപനയുടെ മാനറിസങ്ങൾ ഹാസ്യ വേഷങ്ങൾക്കും അനുയോജ്യയായ ഒരു അഭിനേത്രിയാക്കി അവരെ മാറ്റി. കൽപനയെ മുന്നിൽ കണ്ട് ഹാസ്യപ്രധാനമായ ക്യാരക്ടർ വേഷങ്ങൾ തിരക്കഥാകൃത്തുകൾ ഒരുക്കുന്ന നിലയുണ്ടായി. ജഗതി ശ്രീകുമാറിനും മോഹൻലാലിനും വെല്ലുവിളി ഉയർത്തുന്ന നിലയിൽ ഹാസ്യരംഗങ്ങളിൽ കല്‍പന നിറഞ്ഞാടിയതും ചരിത്രം.
1977ല്‍ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കൽപനയുടെ അരങ്ങേറ്റം. പിന്നീട് ശിവന്റെ യാഗം എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. 1983ൽ എം.ടി വാസുദേവന്‍ നായരുടെ മഞ്ഞ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായി. അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പോക്കുവെയിലിലെ നിഷ എന്ന കഥാപാത്രം കൽപനയുടെ സിനിമാ കരിയറിലെ വഴിത്തിരിവായി മാറി.
പിന്നീട് രൂപഭാവങ്ങള്‍ കൊണ്ടും അഭിനയ മികവു കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മുന്നൂറോളം ചിത്രങ്ങൾ. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന സ്ത്രീ-ഹാസ്യ കഥാപാത്രങ്ങളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു കൽപന തൻ്റെ ഹാസ്യ രാജ്ഞി സിംഹാസനം ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത തരത്തിൽ പ്രേക്ഷക മനസിൽ വരച്ചിട്ടത്.
ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലെ യുഡിസി എന്ന കഥാപാത്രമാണ് കല്‍പ്പനയിലെ ഹാസ്യ താരത്തെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. പിന്നീട് ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് കൽപന പല തവണ തെളിയിച്ചു. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും കൽപന സ്വന്തമാക്കി.
ഇക്കാലയളവില്‍ ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും കൽപന തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് കമല്‍ ഹാസനൊപ്പം സതി ലീലാവതി, പമ്മല്‍ കെ സംബന്ധം, തിരുമഹി ഒരു ബഹുമതി തുടങ്ങിയ ചിത്രങ്ങളിലും കൽപന അഭിനയിച്ചു. ഹാസ്യ വേഷങ്ങള്‍ മാത്രമല്ല നിരവധി സിനിമകളില്‍ സ്വഭാവ നടിയായും കൽപന ആടി തിമിർത്തു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി എണ്ണം പറഞ്ഞ എത്രയെത്ര കഥാപാത്രങ്ങൾ. തന്റെ ഓര്‍മ്മകളുടെ സമാഹാരമായി ഞാന്‍ കൽപന എന്ന പേരില്‍ ഒരു പുസ്തകവും എഴുതി.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കൽപനയുടെ അവസാന ചിത്രം. ഏതുതരം വേഷമായാലും അത്ഭുതകരമായ പരകായപ്രവേശം കൊണ്ട് കാഴ്ചക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ വളരെ കുറച്ചു സമയത്തെ സ്ക്രീൻ പ്രസന്‍സ് മാത്രം മതിയായിരുന്നു കൽപനക്ക്. എറ്റവും ഒടുവിൽ ചാര്‍ലിയിലെ ക്യൂൻ മേരിയായി വന്നപ്പൊഴും അവർ ആ പതിവു തെറ്റിച്ചില്ല.
വിഷാദ ഭാവം നിറഞ്ഞ ആ ചിരിയിലൂടെ സിനിമയിലും ഒടുവിൽ ജീവിതത്തിലും പ്രേക്ഷക മനസ്സുകളിൽ ഒരു വിങ്ങൽ ബാക്കിയാക്കി 2016 ജനുവരി 25ന് കൽപനാ പ്രിയദർശിനിയെന്ന മലയാളികളുടെ പ്രിയ കൽപന കടന്നു പോയി. രോഗത്തെപ്പോലും വളരെ ആത്മവിശ്വാസത്തോടെ നേരിട്ട കൽപന തന്റെ ചിരിയ്ക്കുന്ന മുഖം മാത്രമേ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചിട്ടുള്ളു. ജീവിതത്തിലും സിനിമയിലും എന്നും ബോള്‍ഡായിരുന്ന കല്‍പ്പനയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മലയാളികളുടെ ഒരേയൊരു ഹാസ്യ രാജ്ഞിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here