നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

സംസ്ഥാനത്തിനകത്ത് നിന്നുള്ള നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിതലയോഗത്തിൽ ധാരണയായി. ആറളം ഫാം, സഹകരണ സംഘങ്ങൾ, പ്ളാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവ മുഖേനയാണ് നാടൻ തോട്ടണ്ടി സംഭരിക്കുക.

ആറളം ഫാമിലെ 614 ഹെക്ടർ സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന തോട്ടണ്ടി വിപണി വില നൽകി സംഭരിക്കും. മികച്ച ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ആദിവാസികളാണ് പ്രധാനമായും തോട്ടണ്ടി ശേഖരണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. സംഭരണ തീരുമാനം ഇവർക്ക് പ്രയോജനകരമാകുമെന്ന് യോഗം വിലയിരുത്തി.

സഹകരണ സംഘങ്ങൾ മുഖേനയുള്ള സംഭരണവുമായി ബന്ധപ്പെട്ട് സംഘങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കും. തോട്ടണ്ടി ഉണക്കിയതിന് ശേഷമേ സംഭരണം സാധ്യമാകൂ. സംഘങ്ങളിൽ നിന്ന് തോട്ടണ്ടി ശേഖരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കും. തോട്ടണ്ടി സംഭരണത്തിന് സൗകര്യമുള്ള സംഘങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ശേഖരണം. പ്ളാന്റേഷൻ കോർപ്പറേഷനിൽ നിന്നും തോട്ടണ്ടി സംഭരണത്തിന് കരാർ ലഭിച്ചവരോടും കാഷ്യൂ കോർപ്പറേഷൻ സഹകരണം തേടും. കർഷകർക്ക് ഉൽപാദന ഇൻസെന്റീവ്‌ നൽകുന്ന കാര്യവും പരിശോധിക്കും.

കശുവണ്ടി വ്യവസായ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പക്സ് എന്നിവയ്ക്ക് കീഴിലെ കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നാടന്‍ തോട്ടണ്ടി സംസ്ഥാനത്തിന് അകത്ത് നിന്നും സംഭരിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനാണ് യോഗം ചേർന്നത്. ഉയര്‍ന്ന സംസ്ക്കരണ ചെലവിനു പുറമേ തോട്ടണ്ടിയുടെ ദൗര്‍ലഭ്യവുമാണ് കശുവണ്ടി വ്യവസായ മേഖല നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. കൃഷി, പട്ടികജാതി- പട്ടിക വര്‍ഗ്ഗ, ജയില്‍ വകുപ്പുകള്‍ക്കു കീഴിലുള്ള തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മ കൂടിയ നാടന്‍ തോട്ടണ്ടി പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കാണ് ഇപ്പോള്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ പ്ലാന്റേഷനുകളില്‍ ഉല്‍പാദിപ്പിക്കുന്നതും ചെറുകിട കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്നതുമായ തോട്ടണ്ടി സംസ്ഥാനത്തിന് തന്നെ ഗുണപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നതെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, വി.എൻ. വാസവൻ, പി.പ്രസാദ്, വകുപ്പ് സെക്രട്ടറിമാർ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News