എന്തുകൊണ്ടാണ് ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയെ കേവലം സാധാരണ വിമര്‍ശനമായി കാണാന്‍ കേന്ദ്രത്തിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമൊന്നും കഴിയാത്തത്. എന്ത് കാണണം എന്ത് കേള്‍ക്കണമെന്ന ആളുകളുടെ സ്വാതന്ത്യത്തെപ്പോലും ഹനിച്ച്, നിങ്ങള്‍ അത് കാണരുത് ഇത് കേള്‍ക്കരുത് എന്ന തിട്ടൂരമിറക്കാന്‍ ആ ഡോക്യുമെന്ററിയില്‍ എന്താണ് ഉള്ളത്?
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി തടയാനുള്ള കേന്ദ്രത്തിന്റെ ശ്രമം പാളുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഡോക്യുമെന്ററി സ്ട്രീമിങ്ങ് കേന്ദ്രം തടഞ്ഞു. ഇത് കാണരുത് എന്ന ജനാധിപത്യ വിരുദ്ധ തിട്ടൂരത്തോട് ഞങ്ങള്‍ ഇത് കാണും എന്ന് വിളിച്ചു പറയാനുള്ള ജനാധിപത്യ ബോധം രാജ്യത്ത് അവശേഷിക്കുന്നുണ്ട് എന്നത് ഏറ്റവും ശുഭകരമാണ്.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ജനാധിപത്യ വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ദില്ലി ജെ.എന്‍.യു ക്യാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ക്യാംപസിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചാണ് അധികൃതര്‍ തടയാന്‍ ശ്രമിച്ചത്. അതിലൊന്നും പതറാതെ ലാപ്ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും ഡോക്യുമെന്ററി കണ്ട് തീര്‍ത്ത് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. ദില്ലി ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലും ഡോക്യുമെന്ററി പ്രദര്‍ശനം തടയാനുള്ള നീക്കങ്ങള്‍ നടന്നു. യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കേരളത്തിലും യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വ്യാപകമായി ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു.
രാജ്യം അതിവേഗം ഹിന്ദുത്വയുടെ ഫാസിസ്റ്റ് ശാസനകള്‍ക്ക് കീഴ്‌പ്പെടുന്നു എന്ന ആശങ്കകള്‍ക്കിടയിലാണ് രാജ്യത്തെ യുവജനങ്ങള്‍ ജനാധിപത്യ പ്രതിഷേധങ്ങളുടെ പോരാട്ട മുഖം തുറന്നിരിക്കുന്നത്. ഗുജറാത്ത് വംശഹത്യ നടക്കുന്ന കാലത്ത് തിരിച്ചറിവില്ലാതിരുന്ന കുട്ടികളായിരുന്നു ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എന്നതാണ് ഏറ്റവും ശ്രദ്ധേയം. സമകാലിക ഇന്ത്യയില്‍ ഹിന്ദുത്വയുടെ കാഴ്ചപ്പാടില്‍ നേര്‍പ്പിച്ച് അവതരിപ്പിച്ചിരുന്ന ഗുജറാത്ത് വംശഹത്യ അതിന്റെ എല്ലാ ഭീകരതയോടെയും തെളിഞ്ഞുവരാന്‍ ബി ബി സി ഡോക്യുമെന്ററി നിമിത്തമായി. ഗുജറാത്ത് വംശഹത്യക്ക് മറ്റൊരു വേര്‍ഷന്‍ കൂടിയുണ്ട്, അതിലെ ഇരകള്‍ക്കും ജീവിതം കൈമോശം വന്നവര്‍ക്കും ചിലത് പറയാനുണ്ട് എന്ന നിലയില്‍ കൂടിയാണ് ബിബിസി ഡോക്യുമെന്ററി ഇപ്പോള്‍ സംവദിക്കപ്പെടുന്നത്. 56 ഇഞ്ചിന്റെ കെട്ടിപ്പൊക്കിയ പ്രതിച്ഛായക്ക് പിന്നില്‍ വിലാപത്തിന്റെയും കണ്ണുനീരിന്റെയും നിഴല്‍ വീണിട്ടുണ്ടെന്ന് കൂടിയുള്ള ചര്‍ച്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ ഉയരുന്നതിനെ സംഘപരിവാര്‍ ഭയപ്പെടുന്നുണ്ട്. കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന് ഭയപ്പെടുന്നവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും, ചെറുത്ത് നില്‍പ്പിന്റെ ശുഭപ്രതീക്ഷയുടെ മുനമ്പുകള്‍ രാജ്യത്ത് ബാക്കിയാണ് എന്ന് തന്നെയാണ് യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here