ഇന്ന് 74-ാം റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ്; ദില്ലിയില്‍ കനത്ത സുരക്ഷ

ഇന്ന് 74-ാം റിപ്പബ്ലിക് ദിനം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ആണ് ചടങ്ങിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിന പരിപാടികളോടനുബന്ധിച്ച് ദില്ലിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്.

ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. രാവിലെ 6 മണിമുതല്‍ ദില്ലിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മോദി ഭരണത്തിന്റെ കീഴില്‍ നടക്കുന്നത് ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കങ്ങളും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ നടപടികളുമാണ് .

രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ആഘോഷിക്കുമ്പോഴും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. രാജ്യം ഇന്ന് നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത വെല്ലുവിളികളാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുവാനുള്ള നീക്കങ്ങളും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്.

ബഹുസ്വരതയും മതനിരപേക്ഷതയുമുള്ള ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നത്തിലാണ് . ബിജെപി ഭരണത്തില്‍ കണ്ടത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും അസഹിഷ്ണുതയും ദളിത് വേട്ടയും ന്യൂനപക്ഷ പീഡനവുമാണ്. ഇതാണ് പൗരത്വഭേദഗതി നിയമം, കശ്മീര്‍, അയോധ്യ, മുത്തലാഖ് വിഷയങ്ങള്‍, ബുള്‍ഡോസര്‍ രാജ്, ഇപ്പോള്‍ അവസാനം ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ വരെ ദൃശ്യമായത്.

യഥാര്‍ഥത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സല്‍പ്പേര് ഇടിയുകയാണ് ഇത് കാരണം സംഭവിച്ചിട്ടുള്ളത്. ഭരണകൂടം ഏതെങ്കിലും മതം സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍. ഭരണകൂടത്തിന്റെ പിന്തുണയുള്ള സംഘങ്ങളുടെ ആക്രമണവും വര്‍ധിക്കുകയാണ്.

സമാധാനത്തിനുവേണ്ടിയും മതവിദ്വേഷത്തിനെതിരെയും പ്രസംഗിക്കുകയോ എഴുതുകയോ ചെയ്ത എത്രയോ പൗരാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമാണ് രാജ്യദ്രോഹ കേസുകളില്‍ തടവറയില്‍ കഴിയുന്നത്. പൗരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഭരണത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതേസമയം മറ്റൊരു ഭാഗത്തു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News