ആര്‍.എസ്.എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; അതിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നു

ഇന്ത്യയുടെ പരമാധികാരം ഭരണഘടനയിലാണെന്നും അതില്ലാതായാല്‍ രാജ്യത്തിന് നിലനില്‍പ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടന ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനെയെ തൊട്ട് സത്യം ചെയ്യുന്നവര്‍ വരെ ഭരണഘടനയെ ആക്രമിക്കുന്നു. ഭരണഘടനയെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മൂല്യങ്ങളെയും കേന്ദ്രസര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെമ്പഴന്തിയില്‍ കേരള നവോത്ഥാന സമിതി മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. അത് പൊരുതിനേടിയതാണ്. പൊരുതി വാങ്ങിച്ച രേഖയാണ് ഭരണഘടന. അതില്ലാതായാല്‍ ഇന്ത്യക്ക് നിലനില്‍പ്പില്ല. ആര്‍.എസ്.എസ് ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനഘടന ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഇന്ന് ചിലര്‍ ഇല്ലാതാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ജാതീയമായ ചങ്ങലക്കെട്ടുകള്‍ ഇനിയും പൊട്ടിക്കാന്‍ പൂര്‍ണമായി സാധ്യമായിട്ടില്ല. ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഇതിനായി ഉപയോഗിക്കണം. ഗുരുവിന്റെ വചനങ്ങളുടെ പ്രസക്തി എത്രയെന്നു തിരിച്ചറിയുന്ന കാലമാണിത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എനിങ്ങനെ വിവേചനം ഇപ്പോഴും നിലനിക്കുന്നു. അംബേദ്കറിനെയും അയ്യങ്കാളിയെയും പുതിയ സാഹചര്യത്തില്‍ രാജ്യത്തിന് ഇന്ന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അംബേദ്കറിന്റെ ഓര്‍മ്മകളെ തുടച്ചു മാറ്റാന്‍ നീക്കം നടക്കുന്നു. ഗാന്ധിജിയുടെ വധത്തെ ഗാന്ധിജി മരിച്ചു എന്ന് ഇന്ന് മാറ്റിപ്പറയുന്നു. വധവും മരണവും രണ്ടെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News