സമകാലീന ഇന്ത്യയും റിപ്പബ്ലിക് എന്ന പരിഹാസവും

ആർ. രാഹുൽ

ഇന്ന് സോഷ്യൽ മീഡിയകളിൽ റിപ്പബ്ലിക് ദിന ആശംസ അറിയിച്ച് അഭിമാന പുളകിതരായവരിൽ എത്രപേർക്ക് അറിയാം എന്താണ് റിപ്പബ്ലിക്ക് എന്നത് കൊണ്ട്അർത്ഥമാക്കുന്നതെന്ന്.‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം.‘res publica’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. അതായത് Res എന്നും Publicus എന്നുമുള്ള രണ്ട് ലാറ്റിൻ പദങ്ങള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക്. ജനങ്ങളുടെ താൽപര്യവും ഉത്തരവാദിത്വവും എന്നാണ് രണ്ടും ചേരുമ്പോഴുള്ള അര്‍ത്ഥം.

പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്‘ എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍. അങ്ങനെയാണോ സമകാലീക ഇന്ത്യയിൽ സംഭവിക്കുന്നതെന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്.

ചിലരുടെ വർഗ്ഗീയ അജണ്ടകളും വ്യക്തിതാല്പര്യങ്ങളും നടപ്പിലാക്കാനുള്ള പരമാധികാരത്തെയാണോ ഇന്ന് നിങ്ങൾ റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ഗീത, ഇന്ത്യയുടെ ബൈബിൾ, ഇന്ത്യയുടെ ഖുർ ആൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രാഷ്ട്രത്തിന്റെ തന്നെ വേദപുസ്തകമായ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭരണകൂടമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഭരണകൂടമുള്ള, വർഗ്ഗീയ താൽപര്യത്തിനനുരിച്ച് നിയമങ്ങൾ നിർമ്മിക്കുന്ന പാർലമെന്റുള്ള, ജുഡീഷ്യറിയെ ഭരണകൂടത്തിന് വിധേയമാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്ത് ഇന്ന് എന്തർത്ഥത്തിലാണ് റിപ്പബ്ലികിന്റെ അർത്ഥം പ്രതിഫലിക്കുന്നത്.

ഭരണഘടനയുടെ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങളുടെയും മതേതരത്വത്തിന്റെയും വേരറുത്ത് ഒരു പരമാധികാര മതനിരപേക്ഷ സമത്വപൂർണ്ണമായ ജനാധിപത്യ രാഷ്ട്രത്തിനെ രാജ്യത്തിന്റെ ഭരണാധികാരികൾ എങ്ങോട്ടാണ് നയിക്കുന്നത്. ഇന്ത്യയെ ഒരു പരാശ്രയ മതാധിഷ്ഠിത കോർപ്പറേറ്റ് വൽകൃത എകാധിപത്യ രാഷ്ട്രമാക്കാനുള്ള ഭരണകൂട നിക്കത്തിനെതിരെ പ്രതിഷേധിക്കേണ്ടത് ഈ ഘട്ടത്തിൽ ഓരോ പൗരൻമാരയുടെ കടമയാണ്. ഭരണഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാന ശിലകളായ SOVEREIGN, SOCIALIST, SECULAR, DEMOCRATIC, REPUBLIC, JUSTICE, LIBERTY, EQUALITY, FRATERNITY എന്ന വാക്കുകൾക്ക് ഭരണകൂടം തന്നെ പ്രസക്തിയില്ലാതാക്കിയ കാലത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നു പോകുന്നത്.

പല മേഖലകളിലും പിന്നാക്കമായിരുന്നിട്ടും ജനാധിപത്യം കാത്തുപോരുന്നതില്‍ നിതാന്ത ശ്രദ്ധ പുലർത്തുന്ന രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയോടുള്ള ആദരവും ബഹുമാനവും ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ഹൈക്കമ്മീഷണര്‍ ആയിരിക്കവേ തന്നെ അറിയിച്ചതായി അടിയന്തിരാവസ്ഥയെ ചെറുത്ത ആദരണീയനായ മാധ്യമ പ്രവർത്തകൻ കുല്‍ദീപ് നയ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഇന്ത്യ ലോകത്തിന് മാതൃകയാണെന്നു പറഞ്ഞ താച്ചര്‍ എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിന്റെ രഹസ്യം എന്ന് അദ്ദേഹത്തോട് ചോദിച്ചു. കുല്‍ദീപ് നയ്യാര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു:

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെ പരിഗണിക്കുക ഒന്നുകില്‍ വെളുപ്പ് അല്ലെങ്കില്‍ കറുപ്പ് എന്ന നിലയ്ക്കല്ല. ഇന്ത്യ നിറവൈവിധ്യങ്ങളെ, വൈജാത്യങ്ങളെ സഹിഷ്ണുതാപൂര്‍വം സമീപിക്കുന്നു. 2015 ഒക്ടോബര്‍ 31ന് എഴുതിയ ഒരു ലേഖനത്തില്‍ കുല്‍ദീപ് നയ്യാര്‍ക്ക് ഇങ്ങനെ മാറ്റിപ്പറയേണ്ടിവന്നു. ‘ബഹുസ്വരതയുടെ കാലത്ത് നിന്നും ധ്രുവീകരണത്തിന്റെ കാലത്തേക്ക് ഇന്ത്യ പതിച്ചു. ”

വിയോജിക്കാനുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ വളരെ അപകടകരങ്ങളായ ചില ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ചില വിഭാഗങ്ങളുമായി രാഷ്ട്രീയസമവായമുണ്ടാക്കുക എന്ന ഘട്ടവും കഴിഞ്ഞ് തങ്ങളോട് ചേരാത്തവരെ ഉന്മൂലനം ചെയ്യാനുള്ള ഘട്ടത്തിലേക്ക് അവര്‍ പ്രവേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഘട്ടം കഴിഞ്ഞു. അവര്‍ തീര്‍ത്തും വര്‍ഗീയമായ, വംശീയമായ മുറവിളികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. വര്‍ഗീയ അജണ്ടയുടെ പ്രയോഗവല്‍ക്കരണത്തിന് സ്വന്തമായ സംവിധാനങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും ജുഡിഷ്യറിയും, പാർലമെന്റിനെയും വരെ ഉപയോഗിക്കുന്ന ഘട്ടത്തിലേയ്ക്ക് നിലവിലുള്ള വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം എത്തിയിരിക്കുന്നു.

എപ്പോഴൊക്കെ നാം മൗനികളായോ അപ്പോഴൊക്കെ അവര്‍ നമ്മിലേക്ക് നഖങ്ങള്‍ ആഴ്ത്തി, എപ്പോഴൊക്കെ നാം ശബ്ദിച്ചുവോ അപ്പോഴൊക്കെ അവര്‍ നമുക്കു പിന്നില്‍ കിതച്ചു. ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട അവസരം വരും. അപ്പോള്‍ മൗനമവലംബിക്കുകയാണെങ്കില്‍ നശിക്കാനാവും ആ രാജ്യത്തിന്റെ വിധി. ജനങ്ങള്‍ ഒന്നടങ്കം ശബ്ദിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. സമരമുഖങ്ങളിൽ നിവർന്ന് നിൽക്കാൻ നമുക്ക് കഴിയേണം.

ഇന്ന് റിപ്പബ്ലിക് എന്ന പദത്തിന് വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ഈ ദിവസം പങ്കുവയ്ക്കേണ്ടത് നിരർത്ഥകമായ ആശംസകൾ മാത്രമല്ല. ഇന്ത്യയുടെ ആത്മാവിനെയും അഭിമാനത്തെയും ജനങ്ങളുടെ പരമാധികാരത്തെയും തിരിച്ച് പിടിക്കാനുള്ള പ്രതിജ്ഞയും അതിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കം കുറിക്കലുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലെങ്കിൽ വർഷാവർഷം ഇത് പോലെയുള്ള ആശംസകളിൽ മാത്രം ഒതുങ്ങുന്ന ഒരു സങ്കൽപമായി റിപ്പബ്ലിക് എന്ന ആശയം മാറും. ആ നില രാജ്യത്ത് സംഭവിക്കാതിരിക്കാൻ ഇനിയെങ്കിലും ഉച്ചത്തിൽ ശബ്ദിച്ചു തുടങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ ലോകത്തിന് മാതൃകയായ ഇന്ത്യ എന്ന ജനാധിപത്യ ആശയത്തെ കശാപ്പു ചെയ്യാൻ കൂട്ടുനിന്നവരായി വരും തലമുറകൾ ഈ കാലത്ത് ജീവിച്ചിരുന്നവരെ വിശേഷിപ്പിക്കും. ഒറ്റുകാരായി ചരിത്രത്തിൽ രേഖപ്പെടുത്തണോ വേണ്ടയോ എന്ന് ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News