ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷന്‍കട പൂര്‍ണമായും തകര്‍ത്ത കാട്ടാന ബി എല്‍റാമില്‍ വീടിന് നേര്‍ക്കും ആക്രമണം നടത്തി. ജനവാസമേഖലയിലെ സ്ഥിരം സാന്നിധ്യമായ അരിക്കൊമ്പന്‍ എന്ന ഉപദ്രവകാരിയായ കാട്ടാനയാണ് പ്രദേശത്ത് നാശം വിതച്ചതെന്ന് ആളുകള്‍ പറഞ്ഞു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് പന്നിയാറിലെ റേഷന്‍ കട കാട്ടാന പൂര്‍ണമായും നശിപ്പിച്ചത്. പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് സ്ഥാപനത്തിന് നേരെ ആനയുടെ ആക്രമണം. ആനയുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് അരിയും സാധനസാമഗ്രികളും ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആനയെ ബഹളമുണ്ടാക്കി തുരത്തുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബി.എല്‍റാം സ്വദേശി ബെന്നിയുടെ വീടിന് നേര്‍ക്ക് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനുള്ളില്‍ ഉറക്കത്തിലായിരുന്ന ബെന്നിയും ഭാര്യയും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ബെന്നി രാജകുമാരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നും ദേശീയ പാത ഉപരോധിച്ചു.

നിരവധി ആളുകളെ ഇതിനകം കൊലപ്പെടുത്തിയ അരിക്കൊമ്പന്‍ എന്ന ഒറ്റയാനാണ് പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരുമാസമായി എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പ് വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ ആനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എം.എല്‍.എമാരായ എ. രാജ, എം.എം മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിനുള്ള ആദ്യഘട്ട ധനസഹായം കൈമാറി.

കാട്ടാനയെ തുരത്താനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി തന്നെ ഉറപ്പ് നല്‍കിയിരുന്നു. ഈ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആനയുടെ ആക്രമണമുണ്ടായിരിക്കുന്നത്. 31-ന് വിഷയത്തില്‍ മന്ത്രി തല ചര്‍ച്ച നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ അറിയിച്ചു. ആക്രമണകാരികളായ കാട്ടാനകളെ ജനവാസമേഖലയില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News