സൂര്യനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉള്‍വനത്തിലേക്ക് പോകാന്‍ കൂട്ടാക്കിയിട്ടില്ല.

ഏതാനും നാളുകളായി, മതികെട്ടാന്‍ ചോലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ ബിഎല്‍റാമിലും പന്നിയാര്‍ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തില്‍ വീടും കടയും തകര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചര്‍, ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ടത്. ബിഎല്‍റാമിലെ, ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന ആനകള്‍, മണിക്കൂറുകളോളം ഇവിടെ തുടര്‍ന്നു.

റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് ആനകളെ തുരത്താനുള്ള നടപടികള്‍ പുരോഗമിച്ചത്. പടക്കം പൊട്ടിച്ചും വലിയ ശബ്ദം ഉണ്ടാക്കിയും ആഴി കൂട്ടിയും ആനകളെ വനാതിര്‍ത്തിയിലേക്കെത്തിച്ചു. എന്നാല്‍, മൂന്നു കുട്ടിയാനകളുമായി നിലയുറപ്പിച്ച ആനക്കൂട്ടം വനത്തിനുള്ളിലേക്ക് പോകാന്‍ തയ്യാറായിട്ടില്ല. ആനക്കൂട്ടം മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടര്‍ന്നു. ആനകള്‍ ജനവാസ മേഖലയില്‍ നിന്നും പൂര്‍ണമായും മാറുന്നത് വരെ ആര്‍.ആര്‍. ടീം മേഖലയിലുണ്ടാകും.

അതേസമയം, ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം പതിവായുണ്ടാകുന്നത് പ്രദേശവാസികളുടെ സൈ്വര്യ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. തോട്ടം മേഖലയില്‍ മിക്കപ്പോഴും ആനകളുടെ സാനിധ്യം പതിവായതിനാല്‍, പല ദിവസങ്ങളിലും നാട്ടുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. നിരവധി മനുഷ്യ ജീവനുകള്‍ ഇതിനകം ആനക്കലിയില്‍ പൊലിഞ്ഞു. ലക്ഷകണക്കിന് രൂപയുടെ കൃഷി നാശവും ഉണ്ടാകാറുണ്ട്. ആന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.

വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ ഉറപ്പ്. അപകടകാരികളായ ആനകളെ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 31ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം നടത്താനും തീരുമാനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News