മന്ത്രി മുഹമ്മദ് റിയാസ്, ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ എന്നിവര്‍ക്ക് പ്രഥമ ഫൊക്കാന പുരസ്‌കാരം

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന നല്‍കുന്ന മികച്ച സംസ്ഥാനമന്ത്രി, മികച്ച പാര്‍ലമെന്റേറിയന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്നിവര്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് മികച്ച മന്ത്രിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ഡോ.ജോണ്‍ ബ്രിട്ടാസ് എം.പിയാണ് മികച്ച പാര്‍ലമെന്റേറിയന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് മികച്ച നിയമസഭാ സാമാജികന്‍. മാര്‍ച്ച് 31-ഏപ്രില്‍ 1 തിയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡോ.കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

കേരളത്തിലെ ടൂറിസം, പൊതുമരാമത്ത് മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് കാര്യക്ഷമമായ നേതൃത്വം നല്‍കുന്ന മന്ത്രി മുഹമ്മദ് റിയാസിനെയാണ് ഫൊക്കാന മികച്ച സംസ്ഥാന മന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ലമെന്റില്‍ നടത്തിവരുന്ന ക്രിയാത്മക ജനാധിപത്യ ഇടപെടലുകളാണ് ഡോ.ജോണ്‍ ബ്രിട്ടാസിനെ മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകള്‍, കേരളത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളിലെ ഫണ്ട് വിനിയോഗം തുടങ്ങിയവ ജോണ്‍ ബ്രിട്ടാസിന്റെ മികവായി പരിഗണിച്ചുവെന്ന് ഫൊക്കാന പ്രസിഡന്റ് വ്യക്തമാക്കി. ‘കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നിലയുള്ളതും ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചതും ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. പാര്‍ലമെന്റില്‍ ഏതാണ്ട് 303 ഡിബേറ്റുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്’ ഫൊക്കാന പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണന്ന് നമുക്ക് കാണിച്ചുതന്ന ജോണ്‍ ബ്രിട്ടാസിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സാമൂഹ്യ, സാംസ്‌കാരിക, വികസന പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഫൊക്കാന മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം നല്‍കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ഫൊക്കാന ഫ്‌ളോറിഡ നാഷണല്‍ കണ്‍വന്‍ഷന്റെ നിറസാന്നിധ്യമായിരുന്ന ഡോ. ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്‌കാരം നേടിയ ജോണ്‍ ബ്രിട്ടാസിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ട്രഷറര്‍ ബിജു കൊട്ടാരക്കരയും അറിയിച്ചു.

മികച്ച നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷണ്‍ ഒരു കാലഘട്ടം മുഴുവന്‍ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരള ജനതയുടെ സ്നേഹം പിടിച്ചുപറ്റുകയും ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറുകയും ചെയ്ത നേതാവാണെന്ന് ഫൊക്കാന പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന അപൂര്‍വ്വ നേതാക്കളില്‍ ഒരാളാണ് തിരുവഞ്ചൂരെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്‌കാരം അത് അര്‍ഹിക്കുന്ന വ്യക്തിക്ക് തന്നെ നല്‍കാനായെന്ന് ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കരയും അറിയിച്ചു. നിരവധി തവണ വിവിധ വകുപ്പുകളില്‍ മന്ത്രിയായി തിളങ്ങാനും നിര്‍ണായകമായ പല തീരുമാനങ്ങളുമെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയത്തില്‍ നേതാക്കന്മാര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പുലര്‍ത്തേണ്ട നിരവധി ഗുണങ്ങളുളള സാമൂഹ്യ പ്രവര്‍ത്തകനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞതാണ്. പ്രവാസി മലയാളികളുമായി, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും തിരുവഞ്ചൂരിന് സാധിച്ചിട്ടുണ്ട് ഫൊക്കാന ഭാരവാഹികള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News