ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

മലയാള സിനിമയിലെ അഭിനയ മികവിന്റെ അപൂര്‍വ കലാകാരന്‍, ഭരത് ഗോപി ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. സംവിധായകന്‍, ഗ്രന്ഥകാരന്‍, നടന്‍ തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിയ അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്.

തിരുവനന്തപുരത്തിനടുത്ത് ചിറയിന്‍കീഴില്‍ 1937 ജനുവരി 11 നാണ് വി. ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കേരള വൈദ്യുതി ബോര്‍ഡില്‍ ഓവര്‍സിയറായി ജോലിയില്‍ പ്രവേശിച്ചു. ചെറുപ്പം മുതല്‍ നാടകത്തോട് വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഒരിക്കല്‍ കാവാലം നാരായണപ്പണിക്കര്‍ സംഘടിപ്പിച്ച ”തിരുവരങ്ങി’ല്‍ നടനായി അവസരം ലഭിച്ചു. അതിനുശേഷം നൂറോളം നാടകങ്ങളില്‍ ഗോപി വേഷമിട്ടു. ഒറ്റയാന്‍, അവനവന്‍ കടമ്പ തുടങ്ങി അദ്ദേഹം അഭിനയിച്ച നാടകങ്ങള്‍ പ്രശസ്തമാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. ഓര്‍മ്മയ്ക്കായ്, യവനിക, കൊടിയേറ്റം, പഞ്ചവടിപ്പാലം തുടങ്ങിയ എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളിയുടെ ഇഷ്ടനടനായി. മണികൗളിന്റെ സതഹ് സെ ഉഡ്താ ആദ്മി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും ഗോപി തന്റെ സാന്നിധ്യമറിയിച്ചു. 1989ല്‍ ഉത്സവപ്പിറ്റേന്ന് എന്ന സിനിമ സംവിധാനം ചെയ്തു. ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തിന്റെ നിര്‍മ്മാതാവായി.

അദ്ദേഹം അഭിനയിച്ച കാറ്റത്തെ കിളിക്കൂടിന് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജ്യൂറി പുരസ്‌കാരം ലഭിച്ചു. കൊടിയേറ്റത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ഗോപിയെ തേടിയെത്തി. കൊടിയേറ്റം, ഓര്‍മ്മയ്ക്കായ്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, കാറ്റത്തെ കിളിക്കൂട്, ചിദംബരം എന്നീ സിനിമകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2008 ജനുവരി 29-നായിരുന്നു അദ്ദേഹത്തിന്റെ മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News