അദാനിയുടെ തകര്‍ച്ച; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

അദാനി വരുത്തിയ തകര്‍ച്ചയുടെ ഭാരം പൊതുമേഖലാ കമ്പനികളില്‍ കെട്ടിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി മോദി സര്‍ക്കാര്‍. ഇതുവരെ നഷ്ടപ്പെട്ട 17,000 കോടിക്ക് പിന്നാലെ 300 കോടി കൂടി നിക്ഷേപിച്ച് എല്‍ഐസി. നേരത്തെ പ്രഖ്യാപിച്ച പൊതുഓഹരി വില്പന അതുപോലെ തന്നെ നടക്കുമെന്ന് അദാനി ഗ്രൂപ്പ്. തിങ്കളാഴ്ച ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് 100 പേജിന്റെ മറുപടി നല്‍കുമെന്നും സൂചനയുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ തകര്‍ന്നടിയുന്ന അദാനി ഗ്രൂപ്പിനെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത പൊതുമേഖല കമ്പനികള്‍ക്ക് മേല്‍ നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അദാനി ഗ്രൂപ്പ് കമ്പനികളില്‍ എഴുപതിനായിരം കോടി രൂപയ്ക്ക് മേല്‍ നിക്ഷേപമുണ്ടായിരുന്ന എല്‍ഐസിക്ക് കഴിഞ്ഞ ദിവസത്തെ വിലത്തകര്‍ച്ച കൊണ്ട് മാത്രം നഷ്ടപ്പെട്ടത് 17,000 കോടി രൂപയാണ്. എന്നാല്‍, അദ്വാനി നടത്തുന്ന തുടര്‍ഓഹരി വില്‍പനയില്‍ നിക്ഷേപകര്‍ ആരും തിരിഞ്ഞ് നോക്കാതിരുന്നതോടെ ആ ഓഹരികള്‍ വാങ്ങേണ്ട ഉത്തരവാദിത്തവും എല്‍ഐസിയുടെ ചുമലിലായി. 300 കോടി രൂപയ്ക്കാണ് എല്‍ഐസി വില്‍ക്കാച്ചരക്കായ അദാനി ഓഹരികള്‍ വാങ്ങിയെടുത്തത്.

20,000 കോടി രൂപ സമാഹരിക്കാനായി ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അതുപോലെ തന്നെ നടക്കുമെന്നാണ് കമ്പനി നേതൃത്വത്തിന്റെ പ്രഖ്യാപനം. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി നടക്കുന്ന ഓഹരി വില്‍പനയില്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ വിറ്റുപോയിട്ടുള്ളത് ഒരു ശതമാനം ഓഹരി മാത്രമാണ്. വില്പന നീട്ടില്ലെന്നും വില കുറയ്ക്കില്ലെന്നും പ്രഖ്യാപിച്ച് അദാനി ആത്മവിശ്വാസം ബലപ്പെടുത്തുന്നുമുണ്ട്. പൊതുമാര്‍ക്കറ്റില്‍ അദാനി ഓഹരി വില 2,600ഓളമായി താഴുമ്പോഴും എഫ്പിഒയില്‍ വിലയിട്ടിരിക്കുന്നത് 3200ഓളം രൂപയാണ്. വില്‍പനയ്ക്ക് ശേഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനുള്ള നൂറുപേജ് മറുപടി പ്രസിദ്ധപ്പെടുത്തുമെന്നും സൂചനയുണ്ട്.

മോദിയുടെ ചങ്ങാതിയുടെ മാര്‍ക്കറ്റിലെ തകര്‍ച്ചയ്ക്ക് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറവും മൗനം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏത് വിലത്തകര്‍ച്ചയുടെയും ഭാരം പൊതുമേഖലയില്‍ അടിച്ചേല്‍പ്പിക്കുമ്പോഴും പതിവുപോലെ തന്നെ ജനങ്ങളോട് ഒന്നും വിശദീകരിക്കേണ്ട കാര്യമില്ലെന്നാണ് മോദി പക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News