ഗുജറാത്ത് വംശഹത്യയില്‍ തനിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ബി ബി സി ഡോക്യുമെന്ററി ഇന്ത്യ – ദി മോദിക്വസ്റ്റ്യനെതിരെ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി കന്റോണ്മെന്റില്‍ എന്‍ സി സി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പല വിധത്തിലും ദേശവിരുദ്ധ ശക്തികള്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പരിശ്രമിക്കുന്നുണ്ട്. കുട്ടികളെയും വൈജാത്യങ്ങള്‍ പറഞ്ഞ് പഠിപ്പിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ എന്‍സിസി കേഡറ്റുകള്‍ക്ക് സാധിക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളിലും തെരുവുകളിലും വിദ്യാര്‍ത്ഥി – യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നു.രാജ്യത്തെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ഒരു ശ്രമങ്ങളെയും വളരാന്‍ അനുവദിക്കരുത്.ഭിന്നിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കുള്ള മറുമരുന്ന് ദേശീയ ഐക്യം എന്ന മന്ത്രമാണ്. ഇന്ത്യയുടെ മഹത്വം നിലനിര്‍ത്താനുള്ള ഏറ്റവും ശക്തിമത്തായ മന്ത്രമാണത്. ദേശീയ ഐക്യം എന്നതാവണം നമ്മുടെ പ്രതിജ്ഞയും ശക്തിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്ത് കലാപവും അതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പങ്കും വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി റിലീസ് ചെയ്തിരുന്നു.2019ല്‍ മോദി പ്രധാനമന്ത്രി പദവിയില്‍ എത്തിയതിന് ശേഷമുള്ള ജനവിരുദ്ധ നയങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയുടെ രണ്ടാം വിശദീകരിക്കുന്നത്. രാജ്യത്ത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ നിയമഭേദഗതി, കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തത്, മുസ്ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം രണ്ടാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കൊളോണിയല്‍ ഗൂഢാലോചനയാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നാണ് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ആരോപണം. ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി യൂട്യൂബിലും ട്വിറ്ററിലും പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും വിദ്യാര്‍ത്ഥി യുവജന സംഘടനകളുടേയും നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരോക്ഷപ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here