സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ സമരം പിൻവലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളയ്ക്ക് മുന്നിൽ സമരം നടത്തുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ സമരം പിൻവലിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കല / കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം ആരംഭിച്ചത് 2016-17 കാലഘട്ടം മുതലാണ്. കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് ഇവർക്ക് ഹോണറേറിയം നൽകി വരുന്നത്. 60:40 അനുപാതത്തിൽ നൽകിക്കൊണ്ടിരുന്ന തുക കേന്ദ്രഗവൺമെൻറ് വെട്ടിക്കുറയ്ക്കുകയും കേന്ദ്ര വിഹിതമായി 7000 രൂപയും ആഴ്ചയിൽ 3 ദിവസത്തെ ജോലിയും ആക്കി നിശ്ചയിക്കുകയും ചെയ്തു. സംസ്ഥാന വിഹിതമായ 3000 രൂപ ഉൾപ്പെടെ 10,000 രൂപ ഇപ്പോൾ നൽകി വരികയാണ് .

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി രണ്ട് പ്രാവശ്യം സമരം നടത്തുന്നവരെ ചർച്ചയ്ക്ക് വിളിക്കുകയുണ്ടായി. ചർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ എന്നിവരും പങ്കെടുത്തിരുന്നു. കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചില്ലെങ്കിലും 10,000 രൂപ എന്നത് 12,000 രൂപയായി വർദ്ധിപ്പിക്കാമെന്നും, വർദ്ധനവ് 2022 സെപ്തംബർ മുതൽ പ്രാബല്യത്തിൽ വരുത്തി 4 മാസത്തെ കുടിശ്ശികയും നൽകാമെന്നും മന്ത്രി ഉറപ്പുനൽകി . തൊട്ടടുത്തുള്ള ബി.ആർ.സി.കളിൽ പോസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും അംഗീകരിക്കും എന്ന് പറഞ്ഞു. ഫുൾ ടൈം ആക്കുന്നതും അതിനനുസരിച്ചുളള ഹോണറേറിയം വർദ്ധിപ്പിക്കുന്നതും കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ എല്ലാ വിഷയങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി നിർദ്ദേശം വച്ചു. എന്നാൽ മന്ത്രി നൽകിയ ഉറപ്പ് അംഗീകരിച്ച് സമരം പിൻവലിക്കുന്നതിന് പകരം ഒരു വിഭാഗം വീണ്ടും സമരവുമായി മുന്നോട്ട് പോകുകയാണ്. ഈ സമരത്തിൽ നിന്നും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ പിന്തിരിയണമെന്നും ഗവണ്മെന്റിന്റെ പരിമിതി മനസ്സിലാക്കി സഹകരിക്കണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News