ദിപിന്‍ മാനന്തവാടി
ഗാന്ധിയുടേത് രക്തസാക്ഷിത്വമായിരുന്നു. ഗാന്ധി രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമായി കൊല്ലപ്പെടുകയായിരുന്നു. കാലമെത്ര കഴിഞ്ഞാലും സ്വതന്ത്ര്യഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ ആ മുറിവിന്റെ ചരിത്രം അങ്ങനെ തന്നെയാണ് അടയാളപ്പെടുത്തേണ്ടത്. ‘ഗാന്ധിയുടെ വേര്‍പാടിന്റെ എഴുപത്തിയഞ്ച് വര്‍ഷം’ എന്ന നിഷ്‌കളങ്കവിവരണമെല്ലാം വര്‍ത്തമാനകാലത്ത് ഗാന്ധിവധത്തിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തെ പൊതിഞ്ഞു പിടിക്കാനുള്ള രാഷ്ട്രീയഹിന്ദുത്വയുടെ ബോധപൂര്‍വ്വമായ പരിശ്രമത്തിന്റെ ഭാഗമാണ്. ഗാന്ധി വധത്തില്‍ രാജ്യത്തെ ഹിന്ദുത്വവാദികളുടെ പങ്കാളിത്തത്തെ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ ബദ്ധശ്രദ്ധരായിരിക്കുന്ന കാലത്താണ് മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനം കടന്ന് പോകുന്നത്.
മഹാത്മാഗാന്ധിയുടെ നെഞ്ചിലേയ്ക്ക് തീതുപ്പിയ ഇറ്റാലിയന്‍ നിര്‍മ്മിത ബരേറ്റ സി.എ.എല്‍-9 ഓട്ടോമാറ്റിക് പിസ്റ്റള്‍ നാഥൂറാം വിനായക് ഗോഡ്സെയുടെ കൈയ്യില്‍ എത്തിയത് വളരെ നിഷ്‌കളങ്കമായിട്ടായിരുന്നു എന്ന് ചിന്തിക്കുന്നവരെയാണ് ഗാന്ധി വേര്‍പാട് എന്ന നിഷ്‌കളങ്ക യാദൃശ്ചികത ലക്ഷ്യം വയ്ക്കുന്നത്. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയും ഗൂഢാലോചനയില്‍ പ്രധാനപങ്കാളികളായ നാരായണന്‍ ആപ്തെയും ഗാന്ധിവധത്തിന്റെ മുന്നൊരുക്കങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സവര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയ ചരിത്രരേഖകള്‍ ഉദ്ധരിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിവധം രാജ്യത്തെ ഹിന്ദുത്വതീവ്രവാദികളുടെ ആശയപരമായ ദൗത്യങ്ങളിലൊന്നായിരുന്നു എന്ന് ഈ പുസ്തകങ്ങള്‍ നിസംശയം പറയുന്നുണ്ട്.
വിഭജന വേളയില്‍ ഗാന്ധി സ്വീകരിച്ച മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിലപാടും പാക്കിസ്ഥാന് കൊടുക്കാന്‍ ധാരണയായ 55 കോടി രൂപക്ക് വേണ്ടി സത്യാഗ്രഹമിരുന്നതുമാണ് ഗാന്ധിവധത്തിന് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിച്ചത് എന്ന പറഞ്ഞ് പഴകിയ പതംപറച്ചിലുകളെ ഈ പുസ്തകങ്ങള്‍ പൊളിച്ചടുക്കുന്നുണ്ട്. രാജ്യത്തെ രാഷ്ട്രീയഹിന്ദുത്വയുടെ ആശയനിര്‍മ്മാതാക്കള്‍ക്ക് മുസ്ലിംലീഗ് ദ്വീരാഷ്ട്രവാദം ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ ഗാന്ധിജി ശത്രുപക്ഷത്തായിരുന്നുവെന്നും ഗാന്ധിയെ വധിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നതായും പറയുന്നതാണ് ഈ പുസ്തകങ്ങള്‍.
ജഗന്‍ ഫട്നാവിസിന്റെ ‘മഹാത്മാവിന്റെ അന്ത്യദിനങ്ങള്‍’ എന്ന പുസ്തകം 1934 മുതല്‍ ഗാന്ധിയെ വധിക്കാനുള്ള ഗോഡ്സെ അടക്കമുള്ള ഹിന്ദു തീവ്രവാദികളുടെ ശ്രമങ്ങളുടെ നാള്‍വഴികള്‍ പറയുന്നുണ്ട്. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ സവര്‍ക്കറിനും പങ്കുണ്ടെന്നതിന്റെ നാള്‍വഴികളും രേഖകളുമായി പുറത്തിറങ്ങിയ ടദ മര്‍ഡറര്‍, ദ മൊണാര്‍ക് ആന്‍ഡ് ദ ഫക്കീര്‍’ എന്ന പുസ്തകത്തിന് പിന്നില്‍ മലയാളി സാന്നിധ്യമുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ അപ്പു എസ്തോസ് സുരേഷും പ്രിയങ്കകോടംരാജുവും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.
സി.പി.ഐഎം നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന പി.പി.എസ്തോസിന്റെ കൊച്ചുമകനാണ് അപ്പു എസ്തോസ്. ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കകാലത്തേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. ഹിന്ദുമഹാസഭാ സ്ഥാപകനായിരുന്ന സവര്‍ക്കര്‍ അതില്‍ സജീവമായി പങ്കെടുത്തതും പുസ്തകം പറയുന്നുണ്ട്. ഗോഡ്സെയും നാരായണ്‍ ആപ്തെയും സവര്‍ക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളുടെ നാള്‍വഴികള്‍ പുസ്തകം വരച്ചിടുന്നുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യപിറവിക്ക് കൃത്യം ഒരാഴ്ച മുമ്പ് ഓള്‍ ഇന്ത്യ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കാനായി സവര്‍ക്കര്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ആപ്തെയും ഗോഡ്സെയും ഒപ്പമുണ്ടായിരുന്നവെന്ന് പുസ്തകം സാക്ഷ്യം പറയുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സവര്‍ക്കര്‍ക്കും ഗോഡ്സെയ്ക്കും ഒപ്പം ആപ്തെ എന്തിന് വന്നുവെന്ന ചോക്യം കൂടി പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്. പൂനെയിലെ പഞ്ച്ഗനിയില്‍ ഗാന്ധിയെ തടയാന്‍ നേതൃത്വം കൊടുത്ത ആപ്തയെയും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗാന്ധിയെ വധിക്കാനുള്ള തോക്ക് സംഘടിപ്പിക്കാന്‍ ആപ്തെയും ഗോഡ്സെയും നടത്തിയ ശ്രമങ്ങള്‍ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ഹിന്ദുരാഷ്ട്ര സമിതി നേതാവായ പര്‍ചുരെ വഴി അവരുടെ പ്രമുഖ് ആയിരുന്ന ജഗദീശ് പ്രസാദ് ഗോയലില്‍ നിന്നാണ് ഗാന്ധിയെ വെടിവയ്ക്കാനുള്ള തോക്ക് ഗോഡ്സെയും ആപ്തെയും സംഘടിപ്പിക്കുന്നത്. 1948 ജനുവരി 29ന് ഗോഡ്സെയും അപ്തെയും പര്‍ചുരയെ കാണാനെത്തിയിരുന്നുവെന്നും ഇതില്‍ ഗോഡ്സെയെ ബോംബെയിലെ വീര സവര്‍ക്കര്‍ അയച്ചതാണെന്ന പൊലീസ് ഡയറിയിലെ വിവരങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നുണ്ട്.
സവര്‍ക്കര്‍ക്ക് ഗാന്ധിവധവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. സവര്‍ക്കറുടെ അംഗരക്ഷകന്‍ അപ്പാ രാമചന്ദ്ര കസറുടെയും സെക്രട്ടറി ഗജാനന്‍ വിഷ്ണു ദാംലെയും സവര്‍ക്കറുടെ ബന്ധം ബോംബെ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും ആ മൊഴി വിചാരണയ്ക്കെടുത്തില്ല. കോടതിയില്‍ സവര്‍ക്കര്‍ രക്ഷപെടാനുള്ള പഴുത് ഇതായിരുന്നെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹിന്ദുത്വയാണ് രാജ്യത്തിന്റെ ആശയഗതിയെയും ചരിത്രത്തെയും സ്വാധീനിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുകയാണ്. ചരിത്രത്തെ വക്രീകരിക്കുക ആളുകളുടെ പൊതുബോധത്തെ ഹിന്ദുത്വ അജണ്ടയുടെ താല്‍പ്പര്യത്തിന്റെ പുറത്ത് ബ്രെയിന്‍വാഷ് ചെയ്യുക എന്ന നിലയിലാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. ഇവിടേക്കാണ് ‘ഗാന്ധിവധം’ എന്ന ഗൗരവമായ തലക്കെട്ട് ഗാന്ധി വിയോഗമെന്നും ഗാന്ധി വേര്‍പാടുമെന്നും വളരെ നിഷ്‌കളങ്കമായ നിലയില്‍ ഒളിച്ചു കടത്തപ്പെടുന്നത്.
പാഠപുസ്തകങ്ങളില്‍ വരെ ഇത്തരത്തില്‍ ചരിത്രത്തെ വക്രീകരിച്ച് ഒളിച്ചു കടത്തുമ്പോഴാണ് ഗാന്ധിവധത്തില്‍ ഹിന്ദുതീവ്രവാദം എങ്ങനെ കണ്ണിചേര്‍ന്നു എന്നതിന്റെ നാള്‍വഴികളും ചരിത്രവിവരണവുമുള്ള പുസ്തകങ്ങള്‍ പ്രസക്തമാകുന്നത്. ഗാന്ധിയുടേതാണ് കൊലപാതകമാണ്, അതിന്റെ കൈയ്യും തലയും രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയപ്രേരണയില്‍ നിന്ന് രൂപപ്പെട്ടതാണ്. ഗാന്ധിയുടേത് വേര്‍പാടല്ല, ദയാരഹിതമായ രാഷ്ട്രീയ കൊലപാതകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here