ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ല: ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട്

അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍  രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട്. ബിബിസി, ഹിന്‍ഡന്‍ബര്‍ഗ് പോലുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും അവര്‍ക്ക് കൃത്യമായ മറുപടി കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തങ്ങളാണ് രാജ്യം എന്ന തരത്തിലുള്ള സംസാരം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തകര്‍ത്തുകൊണ്ട് ഇവിടുത്തെ ധനകാര്യ സ്ഥാപനങ്ങളെ കൊള്ളയടിച്ച് കടന്നു കളഞ്ഞ നിരവധി പേരുടെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്നിലുണ്ട്. അതൊന്നും വായ്പാ തട്ടിപ്പായിരുന്നില്ല, കൊള്ളയടിക്കുകയായിരുന്നു. എന്നാല്‍, അവരെല്ലാം ഇപ്പോള്‍ പുറംരാജ്യങ്ങളില്‍ സുഖജീവിതം നടത്തുന്നു. ഇതിനെല്ലാമെതിരെ എന്ത് നടപടിയാണെടുത്തതെന്നും ഈ സാമ്രാജ്യമെല്ലാം എത്ര കാലം കെട്ടിപ്പടുത്ത് നിര്‍ത്താന്‍ കഴിയുമെന്നും ജോര്‍ജ് ജോസഫ് ചോദിച്ചു.

കൊള്ളയടിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കാന്‍ ആളുകളുണ്ട്. നാല്‍വര്‍ സംഘം ചേര്‍ന്നുള്ള വെറുമൊരു ബിസിനസാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. പതിനൊന്നര ലക്ഷം കോടിയുടെ വായ്പയാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം എഴുതിത്തള്ളിയിരിക്കുന്നത്. ഏതെങ്കിലും കര്‍ഷകന്‍ എടുത്ത വായ്പയോ ആരെങ്കിലും ഹൗസിംഗ് ലോണിന് വേണ്ടി എടുത്ത വായ്പയോ ഇതുപോലെ എഴുതിത്തള്ളിയതായി നമുക്കറിയില്ല. ജനങ്ങളില്‍ നിന്നും കുത്തിപ്പിഴിഞ്ഞ് വാങ്ങുന്ന പൈസയാണ് ബാങ്കുകള്‍ ഇത്തരം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് നല്‍കുന്നതെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കി.

അദാനിക്ക് വേണ്ടി കേന്ദ്രം ചെയ്ത സഹായങ്ങളില്‍ ഒരുദാഹരണം ഇതാണ്. ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് എല്‍ എന്‍ ജി ടെര്‍മിനല്‍ നിര്‍മ്മിച്ചിരുന്നു. ആ ടെര്‍മിനല്‍ ഒരു സുപ്രഭാതത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. രണ്ട് കമ്പനികളായിരുന്നു അതില്‍ ടെന്‍ഡര്‍ വിളിച്ചിരുന്നത്. അദാനി 750 കോടിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 1600 കോടിയുമായിരുന്നു പറഞ്ഞിരുന്നത്. തീര്‍ച്ചയായും ആദ്യം ടെന്‍ഡര്‍ കൊടുക്കേണ്ടത് IOCക്കാണ്. എന്നാല്‍, ടെന്‍ഡര്‍ പൊട്ടിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് IOC പിന്മാറി. 4000 കോടി മുതല്‍ മുടക്കിയ ടെര്‍മിനല്‍ 750 കോടിക്ക് അദാനിക്ക് കൈമാറുകയായിരുന്നു. ഇതുപോലെ നിരവധി കഥകളാണ് അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ളതെന്നും ഇത്തരം സാമ്രാജ്യങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News