കേരളത്തെയും കോവളത്തെയും ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കോവളത്തെ ലീലാ റാവിസ് ഹോട്ടല്‍ അന്‍പതിന്റെ നിറവില്‍ .1972 ല്‍ കേന്ദ്ര ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയര്‍ത്തി നില്‍ക്കുന്നത്.കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ തലസ്ഥാനത്തെ ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടല്‍ വഹിച്ച പങ്ക് വലുതാണ്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് നിലവില്‍ ഹോട്ടലിന്റെ ഉടമസ്ഥരായ ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പ്രഖ്യാപിച്ചത്.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്‌കോളര്‍ഷിപ്പ് നല്‍കും. കോവളത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാകും പ്രഥമ പരിഗണന. 1000 വ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. ഇതില്‍ 70 ശതമാനം പെണ്‍കുട്ടികള്‍ക്കായിരിക്കും.
കൊവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നല്‍കുന്ന പദ്ധതികള്‍ കോവളത്ത് നടപ്പിലാക്കുമെന്ന് ഡോക്ടര്‍ രവി പിള്ള പറഞ്ഞു. അന്തര്‍ദേശീയ ദേശീയ പ്രാദേശിക തലത്തില്‍ കോവളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍. 2023ല്‍ സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ കേരളവും ഇടം പിടിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്തും രാജ്യത്തും ഇന്ന് ഏറ്റവും അധികം തൊഴില്‍ നല്‍കുന്ന മേഖലയായി ടൂറിസവും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പും മാറി കഴിഞ്ഞു. ഇത് പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുമുണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും രവി പിള്ള പറഞ്ഞു.
സംസ്ഥാനത്തേക്ക് എത്തിപ്പെടാന്‍ വ്യോമ – റെയില്‍ കണക്ടിവിറ്റിയും, സംസ്ഥാനത്തെത്തിയാല്‍ സഞ്ചരിക്കാന്‍ മികച്ച റോഡുകളുമുണ്ടെങ്കില്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് ഒഴുകും. രാജ്യത്തിനകത്തും പുറത്തും നമ്മള്‍ നല്ല രീതിയില്‍ ടൂറിസം പ്രമോഷന്‍ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഇവര്‍ക്കൊക്കെ അറിയാം. എന്നാല്‍ എത്തിപെടാനുള്ള ബുദ്ധിമുട്ടാണ് പലരേയും അകറ്റി നിറുത്തുന്നത്. സംസ്ഥാനത്ത് റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ണമാകും. ഇത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു. പരിസര ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമാണ് ഇനി ശ്രദ്ധ വേണ്ടത്. ഭരണകൂടവും ജനങ്ങളും കൈകോര്‍ത്താല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു.
ലീല റാവിസിന്റെ ചരിത്രം
1959ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് മികച്ച ഹോട്ടല്‍ വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടര്‍ന്ന് ക്ലബ് മെഡിറ്ററേനിയന്‍ എന്ന കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പാണ് കോവളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇവിടെ ഹോട്ടല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതും.1969ല്‍ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിഖ്യാത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയാണ് ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിച്ചത്.ഒരു തെങ്ങിനേക്കാള്‍ ഉയരത്തില്‍ ഹോട്ടല്‍ കെട്ടിടം ഉയരാന്‍ പാടില്ലെന്നായിരുന്നു ചാള്‍സ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂര്‍വ്വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയര്‍ന്നു.1972 ഡിസംബര്‍ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ കോവളത്തെ അശോക ഹോട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു.
ജാക്വലിന്‍ കെന്നഡി, വിന്നി മണ്ഡേല, സര്‍ പോള്‍ മകാര്‍ട്ടിനി, ജോണ്‍ കെന്നത്, ഗാള്‍ബരേത്, പ്രൊഫസര്‍ വാഡ്‌സണ്‍, ഡോ, അമര്‍ത്യ സെന്‍, ജെ.ആര്‍.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് ( പറക്കും സ്വാമി) തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങള്‍ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദര്‍ശിച്ചു.
2002 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കോവളം അശോക ഹോട്ടല്‍ സ്വകാര്യവല്‍ക്കരിച്ചു.ആദ്യം എം ഫോര്‍ ഗ്രൂപ്പും പിന്നീട് ലീലാ ഗ്രൂപ്പും ഹോട്ടലിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.
2011 ല്‍ ഡോക്ടര്‍ ബി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍ പി ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങി.എന്നാല്‍ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നല്‍കിയതോടെ ലീല റാവിസ് കോവളം ഹോട്ടല്‍ എന്ന് പുനഃര്‍നാമകരണം ചെയ്യപ്പെട്ടു. 2018ല്‍ നാല് റോയല്‍ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍ കേരളത്തിന് സ്വന്തമായി ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്‌ളസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിസ്വജിത് ചക്രബര്‍ത്തി, ലീല് റാവിസ് ഹോട്ടല്‍ മുന്‍ജനറല്‍ മാനേജരും സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here