‘കൊന്നതാണ്’ ദേശാഭിമാനിയുടെ നിലപാട് നെഞ്ചിലേറ്റി മതേതര ജനാധിപത്യ വിശ്വാസികള്‍

ഗാന്ധി വധത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഗോഡ്‌സേ എന്ന പേര് പോലും ഉച്ഛരിക്കാന്‍ മുഖ്യധാരാ ദിനപത്രങ്ങള്‍ മടിച്ചപ്പോള്‍ ശ്രദ്ധേയമായി ദേശാഭിമാനിയുടെ ഒന്നാം പേജ്. കൊന്നതാണ് എന്ന തലക്കെട്ടോടെ ചിത്രകാരന്‍ ടോം വട്ടക്കുഴിയുടെ ‘ഡെത്ത് ഓഫ് ഗാന്ധി’ എന്ന ചിത്രം ഉള്‍പ്പെടുത്തിയ ജാക്കറ്റ് പേജാണ് ദേശാഭിമാനി തയാറാക്കിയിരുന്നത്. രാജ്യത്തെ മുഖ്യധാരാ ദേശീയ പത്രങ്ങള്‍ പോലും ഗാന്ധിയുടെ രക്തസാക്ഷിത്വ ഓര്‍മ്മകള്‍ ഒന്നാം പേജില്‍ അച്ചടിക്കാന്‍ മറന്നപ്പോഴായിരുന്നു ഗാന്ധിയെ കൊന്നതാണ് എന്ന് ഏറ്റവും കൃത്യമായ രാഷ്ട്രീയ ബോധ്യം ദേശാഭിമാനി ചര്‍ച്ചയ്ക്ക് വച്ചത്.

ദേശാഭിമാനിയുടെ ജാക്കറ്റ് പേജ് സോഷ്യല്‍ മീഡിയയിലും വൈറലാണ്. പ്രമുഖ മലയാളദിനപത്രങ്ങള്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പേര് എഴുതാന്‍ പോലും മടിച്ചിരുന്നു. ഗാന്ധി രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം ആണ്ടില്‍ ഗോഡ്‌സെയുടെ പേര് പറയാന്‍ മടിച്ച മാധ്യമങ്ങളെ സോഷ്യല്‍ മീഡിയ വിമര്‍ശനമുനയില്‍ നിര്‍ത്തിയതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് ഇന്നത്തെ ദേശാഭിമാനിക്ക് കൈയടിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ദേശാഭിമാനിക്ക് അതിമനോഹരമായ ഒരു ഒന്നാം പേജുണ്ട്. ‘കൊന്നതാണ്’ എന്നാണ് അടിക്കുറിപ്പ് , കഥാകൃത്ത് എന്‍ എസ് മാധവന്‍ ദേശാഭിമാനിയുടെ മുന്‍പേജിനെ പ്രശംസിച്ചത് ഇങ്ങനെയായിരുന്നു. മന്ത്രി എം ബി രാജേഷും ദേശാഭിമാനി പത്രത്തെ പ്രശംസിച്ചിരുന്നു. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്കും, ഗോഡ്‌സെയുടെ ആര്‍എസ്എസ് ബന്ധവും വ്യക്തമാക്കുന്ന വാര്‍ത്തകളുള്ള സെന്റര്‍സ്‌പ്രെഡ് പേജും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ദേശാഭിമാനി ജാക്കറ്റ് പേജില്‍ ഉപയോഗിച്ച ടോം വട്ടക്കുഴിയുടെ ‘ഡെത്ത് ഓഫ് ഗാന്ധി’ എന്ന വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഐക്കണ്‍ കണ്ടംപററി ഗാലറിയിലാണ്. ഫെബ്രുവരി 9 മുതല്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആര്‍ട്ട് ഫെയറില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ അവതരിപ്പിച്ച 2020-21 ബഡ്ജറ്റ് പുസ്തകത്തിന്റെ കവറും ‘ഡെത്ത് ഓഫ് ഗാന്ധി’ ചിത്രമായിരുന്നു.

രാജ്യം നിര്‍ണ്ണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ഗാന്ധി വധത്തിലെ ചരിത്ര വസ്തുതകള്‍ പൊതിഞ്ഞ് വെച്ച് പറയുന്ന നിലയിലേയ്ക്ക് മാധ്യമങ്ങള്‍ മാറുന്നു എന്ന് കൂടിയാണ് വെളിവാകുന്നത്. ദേശാഭിമാനി ഉള്‍പ്പെടെയുള്ള അപൂര്‍വ്വം മാധ്യമങ്ങള്‍ മാത്രമാണ് ഗാന്ധി വധത്തില്‍ പങ്കാളികളായ ഹിന്ദുത്വ ആശയത്തിന്റെ കൈയ്യും തലയും ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാന്‍ തയ്യാറായത്. ദേശാഭിമാനിക്ക് അഭിമാനിക്കാം, ഗാന്ധിയെ കൊന്നതാണ് എന്ന് തലയുയര്‍ത്തി നിന്ന് വിളിച്ചു പറയാന്‍ കഴിഞ്ഞതില്‍. ദേശാഭിമാനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാട് കൂടിയാണ് ഇതിലൂടെ പ്രകാശിതമായിരിക്കുന്നത്. അത് കൊണ്ട് കൂടിയാണ് ദേശാഭിമാനിയുടെ ജാക്കറ്റ് പേജ് ഈ നിലയില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News