വെടിക്കെട്ട് അപകടം; ഷെഡ് കെട്ടിയത് അനുമതിയില്ലാതെയെന്ന് സ്ഥിരീകരണം

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ വെടിക്കെട്ട് പുരയിലെ ഷെഡ് അനുമതിയില്ലാതെ ആണ് കെട്ടിയത് എന്ന് ഡെപ്യൂട്ടി കളക്ടര്‍ സ്ഥിരീകരിച്ചു. അപകടം സംഭവിച്ചത് താത്കാലികമായി കെട്ടിയ ഷെഡിലാണെന്നും ഡെപ്യൂട്ടി കളക്ടര്‍ കണ്ടെത്തി. വൈകുന്നേരത്തിനുള്ളില്‍ പൂര്‍ണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.

വെടിക്കെട്ട് അപകടത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിച്ചു. കൂടാതെ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും.

അനുവദിനീയമായതിനേക്കാള്‍ കൂടുതല്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നോ എന്ന് സംശയമുള്ളതിനാല്‍ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് ടീമും ഇന്ന് സ്ഥലം പരിശോധിച്ചു.

അതേസമയം വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ മണികണ്ഠന് സാരമായി പൊള്ളലേറ്റിരുന്നു.

അപകടത്തില്‍ ലൈസന്‍സി ശ്രീനിവാസന്‍ , സ്ഥല ഉടമ സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരെ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വൈകിട്ട് അഞ്ചേകാലോടെയായിരുന്നു വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു.ജോലി സമയം കഴിഞ്ഞതിനാല്‍ മണി ഒഴികെയുള്ള തൊഴിലാളികള്‍ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി.

കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓട്ടുപാറ അത്താണി, കുന്നംകുളം എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഫയര്‍ ഫോഴ്സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News