വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ നടന്ന ചാവേർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി.അഫ്ഗാൻ അതിർത്തിയിലെ പള്ളിയിൽ ആരാധനയ്ക്കിടെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് മാത്രം 9 പേരുടെ മൃതശരീരമാണ് പള്ളിയുടെ തകർന്ന മേൽക്കൂരക്കിടയിൽ നിന്നും കണ്ടെടുത്തത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
അതീവ സുരക്ഷയുള്ള മേഖലയിലെ പള്ളിക്കുള്ളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ ഒരാൾ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽ താലിബാൻ്റെ ശക്തമായ സാന്നിധ്യമാണുള്ളത്. തുടർച്ചയായി ഭീകര ആക്രമണങ്ങൾക്ക് റിപ്പോർട്ട് ചെയ്യാറുള്ള നഗരമാണ് പെഷവാർ.
ആക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ഡോ ആരിഫ് അൽവി ട്വീറ്റ് ചെയ്തു.പെഷവാർ പള്ളിയിൽ നടന്ന ഹീനവും ഭീരുവും നിറഞ്ഞ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അനുശോചനവും പരുക്കേറ്റവർക്ക് ഉടൻ സുഖപ്പെടട്ടേ എന്ന പ്രാർത്ഥനയും നൽകുന്നു എന്നും അദ്ദേഹം കുറിച്ചു.
ഭീകരവാദം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടണമെന്നും ആക്രമണം നടത്തിയവർ ഇസ്ലാമല്ലെന്നുമാണ് പള്ളിക്കകത്തെ സ്‌ഫോടനം തെളിയിക്കുന്നതെന്ന്
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here