സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു; ത്രിപുരയിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ബി.ജെ.പി വിട്ടു

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ത്രിപുര ബി.ജെ.പിയില്‍ പാളയത്തില്‍പ്പട. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി സഖ്യം വിട്ടത് തിരിച്ചടിയായതിന് പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്.

ഏറ്റവും ഒടുവിലായി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും സിറ്റിങ്ങ് എം.എല്‍.എയുമായ അതുല്‍ ദേബ്ബര്‍മ്മന്റെ രാജിയാണ് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംഘടിപ്പിക്കുന്ന സംഘപരിവാറിന്റെ വനവാസി കല്യാണ്‍ അശ്രമിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് ദേബ്ബര്‍മ്മന്‍. പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ എം.എല്‍.എ സ്ഥാനവും ദേബ് ബര്‍മ്മന്‍ രാജിവച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ ഡോക്ടര്‍മാരുടെ സെല്ലിന്റെ ചുമതലയുള്ള ഡോ. തൊമോജിത്ത് നാഥ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രഞ്ജന്‍ സിന്‍ഹ എന്നിവരും നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ ബി.ജെപിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ മുഖം കൂടിയാണ് ഡോ.തൊമോജിത്ത് നാഥ്. വലിയൊരു വിഭാഗം അണികള്‍ക്കൊപ്പമാണ് തൊമോജിത്ത് നാഥിന്റെ രാജി.

മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് ഉള്‍പ്പെടെ ഏഴ് സിറ്റിംഗ് എം.എല്‍.എമാര്‍ക്കാണ് ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചത്. രാജ്യസഭ എം.പി കൂടിയായ ബിപ്ലവ് കുമാര്‍ ദേവ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം നിരസിക്കുകയായിരുന്നു. സീറ്റ് നിഷേധിച്ചതില്‍ ബിപ്ലവ് ദേവും അനുയായികളും നീരസത്തിലാണ്. പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായിട്ടില്ലെങ്കിലും ബിപ്ലവ് ദേവ് വിഭാഗത്തിന്റെ അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നത് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്.

സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു എം.എല്‍.എയായ മിമി മജുംദാര്‍ സീറ്റ് നിഷേധത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തരായ ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ വ്യാപകമായി അടിച്ചു തകര്‍ത്തിരുന്നു.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്നതും ബി.ജെ.പിക്ക് തിരിച്ചടിയാകും. പട്ടികവര്‍ഗ്ഗ മേഖലകില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. 2018ല്‍ ആകെയുള്ള 19 പട്ടികവര്‍ഗ്ഗ സംവരണ സീറ്റില്‍ 9 സീറ്റില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഐ.പി.എഫ്.ടി 8 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.ഐ.എമ്മിന് 2സീറ്റ് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

പട്ടികവര്‍ഗ്ഗ മേഖലയിലെ ബി.ജെ.പി മുന്നേറ്റത്തില്‍ ഐ.പി.എഫ്.ടിയുടെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. ഇത്തവണ ഐ.പി.എഫ്.ടിയും പട്ടികവര്‍ഗ്ഗ മേഖലയില്‍ സ്വാധീനമുള്ള തിപ്ര മോതയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ മത്സരം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News