ജാതി വിവേചനവും സംവരണ അട്ടിമറി ആരോപണവും പച്ചക്കള്ളമെന്ന് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച അടൂർ ഗോപാലകൃഷ്ണൻ. ശങ്കർമോഹനെ പിന്തുണച്ചും വിദ്യാർത്ഥികളെ തള്ളിയുമായിരുന്നു അടൂരിന്റെ വിശദീകരണം.
ഡയറക്ടറുടെ രാജിയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾക്ക് തിരശ്ശീല വീണുവെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ രാജി പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാകുമെന്നാണ് തോന്നുന്നതെന്നും അടൂർ തന്റെ രാജി കത്തിൽ പറയുന്നു.
തങ്ങൾ സമരത്തിലാണെന്ന് ഡിസംബർ 5നാണ് വിദ്യാർത്ഥിനേതാക്കൾ പ്രഖ്യാപിക്കുന്നത്. അതിന് കാരണമായി പറഞ്ഞിരുന്നത് ദളിത് വിരോധവും ജാതിവിവേചനവുമാണ്. തുടക്കംമുതൽ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്ന ഒരാരോപണം ഡയറക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ദളിത് ശുചീകരണജോലിക്കാരെ നിർബന്ധിച്ച് അടിമപ്പണി ചെയ്യിപ്പിച്ചിരുന്നുവെന്നാണ്. എന്റെ അന്വേഷണത്തിൽ അത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരിൽ ആരുംതന്നെ പട്ടികജാതിയിൽ പെടുന്നവരല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ കുറ്റവാളികൾ ഗേറ്റ്കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാർത്ഥികൾ തന്നെയോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നൽക്കേണ്ടത് സ്ഥാപനത്തിന്റെ തുടർ നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്നും അടൂർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയതിന് ശേഷമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ടത്. നാശത്തിന്റെ വക്കിലായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ സിനിമാ പരിശീലന കേന്ദ്രമാക്കാൻ പരിശ്രമിച്ചു. അതിനായി തന്നോടൊപ്പം അഹോരാത്രം പണിയെടുത്ത വ്യക്തിയായിരുന്നു ശങ്കർമോഹൻ. അദ്ദേഹത്തെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പടി കടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കർ മോഹനെയോ കേട്ടില്ല.’ കമ്മിഷൻ ശങ്കർ മോഹനെ അധിക്ഷേപിച്ചുവെന്നും അടൂർ കുറ്റപ്പെടുത്തി. പ്രതിഷേധ സൂചകമായാണ് തൻ്റെ രാജിയെന്നും വിദ്യാർത്ഥികളുടെ ഭാവിയെകുറിച്ച് ആശങ്കയുണ്ടെന്നും അടൂർ കുട്ടിച്ചേർത്തു. സമരത്തെപറ്റി ഉന്നതതല പൊലീസ് അന്വേഷണം വേണമെന്നും അടൂർ ആവശ്യപ്പെട്ടു.
അടൂർ ബഹുമാന്യ വ്യകതിത്വമാണെന്നും സർക്കാർ ആരെയും നിർബന്ധിച്ചിട്ട് പുറത്താക്കിയിട്ടില്ലെന്നും മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. വസ്തു നിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ചാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here