രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി ഇന്ന് രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി.
പത്തൊന്‍പത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. നമ്മുടെ കാര്‍ഷിക മേഖലയെപ്പറ്റി ഒന്നും തന്നെ നയപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന നയം എന്താണെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നില്‍ക്കുന്ന സര്‍ക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നു.
ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഒന്നായി നയപ്രഖ്യാപന പ്രസംഗം മാറി. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളോ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായില്ല എന്നത് ദുഃഖകരമാണ്. രണ്ട് തവണ തുടര്‍ച്ചയായി രാജ്യത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടായതില്‍ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകള്‍ക്കുനേരെ കണ്ണടയ്ക്കുന്നു.
സ്ഥിരതയുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടുത്തവണ ഉണ്ടായതില്‍ ജനങ്ങളോട് നന്ദി പറയുമ്പോഴും ജനഹിതം അട്ടിമറിച്ചുകൊണ്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബിജെപിയുടെ കുതിരക്കച്ചവടം നയപ്രഖ്യാപനം കണ്ടില്ലെന്നു നടിക്കുന്നു. പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ പുകഴ്ത്താന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ച പല പദ്ധതികളും സാധാരണ ജനങ്ങള്‍ക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്.
പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സര്‍ക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? അഭ്യസ്ത വിദ്യരായ ചെറുപ്പകാരുടെ തൊഴിലവസരങ്ങള്‍ നിരന്തരം വെട്ടിക്കുറക്കപ്പെടുന്നതും തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കപ്പെടുന്നതും രാജ്യത്തെ മതസൗഹാര്‍ദ്ദവും ഒത്തൊരുമയും തകര്‍ക്കാന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങളുമൊന്നും ഇവിടെ പരാമര്‍ശവിധേയമായില്ല.
കര്‍ഷകരെ വഞ്ചിച്ച ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നയപരിപാടികള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കര്‍ഷക സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നുമാത്രമല്ല അതിനു നേര്‍ വിപരീതമായ കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുമ്പോള്‍ അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രനയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. ഈ നിലയില്‍ ജീവിത യാഥാര്‍ഥ്യങ്ങളോട് കണ്ണടയ്ക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും അത്യന്തം ദൗര്‍ഭാഗ്യകരവുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here