ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

കാട്ടാനശല്യം രൂക്ഷമായ ഇടുക്കി ശാന്തമ്പാറയിലേക്ക്‌ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘമെത്തും. പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്‌ ദൗത്യം. കൊല്ലപ്പെട്ട വനംവകുപ്പ്‌ വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന്‌ 15 ലക്ഷം ധനസഹായത്തിന്‌ പുറമെ ഇളയ മകള്‍ക്ക്‌ ജോലി നല്‍കാനും തീരുമാനം. കാട്ടാനശല്യം പരിഹരിക്കാനുള്ള സമഗ്രനിര്‍ദേശങ്ങളും വനം വകുപ്പ്‌ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലുണ്ടായി.

ഇടുക്കിയില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗാക്രമണം ജനജീവിത്തെ സാരമായി ബാധിച്ചതിന്‌ പിന്നാലെ ഇത്‌ മൂന്നാം വട്ടമാണ്‌ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നത്‌. ഉപദ്രവകാരികളായ അരിക്കൊമ്പന്‍, ചില്ലിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ ഒറ്റയാന്‍മാരെ പിടികൂടണമെന്നതായിരുന്നു യോഗത്തിലുയര്‍ന്ന പ്രധാന ആവശ്യം. വയനാട്ടിലും പാലക്കാട്ടും സ്വീകരിച്ച മാതൃക ഇടുക്കിയിലും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന്‌ ജനപ്രതിനിധികളും കക്ഷിരാഷ്‌ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടി. ജില്ലയിലെ കാട്ടാനപ്രശ്‌നം ഗൗരവതരമെന്നും ആരോഗ്യപരമായ ചര്‍ച്ചകളാണ്‌ നടന്നതെന്നും യോഗശേഷം മന്ത്രി പറഞ്ഞു. ഒരു നാടിനാകെ കാവലായിരുന്ന കൊല്ലപ്പെട്ട വനംവകുപ്പ്‌ വാച്ചര്‍ ശക്തിവേലിന്റെ നാല്‌ പെണ്‍മക്കളില്‍ ഇളയ കുട്ടിക്ക്‌ അനുയോജ്യമായ തൊഴില്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. റേഷന്‍ കട ആന തകര്‍ത്തതോടെ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക്‌ സാധനസാമഗ്രികള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. പ്രശ്‌നക്കാരായ ആനകളെ നിരീക്ഷിച്ച്‌ നടപടി സ്വീകരിക്കാന്‍ രണ്ടു ദിവസത്തിനകം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ഇടുക്കിയിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

21 കി.മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫെന്‍സിംഗ്‌ വേലികള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി രൂപ മുതല്‍മുടക്കിലുള്ള പദ്ധതി ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കും. കുറ്റക്കാരയ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആനകള്‍ സ്ഥിരമായി തമ്പടിക്കുന്ന ഹോട്‌സ്‌പോട്ടുകളില്‍ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News