ശാന്തി ഭൂഷന്റെ വിയോഗം ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടം: മുഖ്യമന്ത്രി

മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തി ഭൂഷന്റെ വിയോഗം രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികള്‍. പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടി. അടിയന്തിരാവസ്ഥയില്‍ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍ നിന്നു.

ആദ്യകാലത്ത് സംഘടനാ കോണ്‍ഗ്രസ്സിലും പിന്നീട് ജനതാ പാര്‍ടിയിലും പ്രവര്‍ത്തിച്ച ശാന്തി ഭൂഷണ്‍ അടിയന്തിരാവസ്ഥയ്ക്കുശേഷം രൂപീകരിക്കപ്പെട്ട മോറാര്‍ജി ദേശായി മന്ത്രിസഭയിലാണ് നിയമവകുപ്പ് കൈകാര്യം ചെയ്തത്. കേന്ദ്ര നിയമമന്ത്രിയെന്ന നിലയില്‍ ഭരണഘടനയെ ജനാധിപത്യ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി പ്രയോഗിക്കുന്നതിന് നേതൃത്വം നല്‍കി.

1980 ല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റെറെസ്റ്റ് ലിറ്റിഗേഷന് രൂപം കൊടുത്തവരില്‍ ശാന്തി ഭൂഷണുമുണ്ടായിരുന്നു. എന്നും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News