ടൂറിസത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിപ്പ് തുടരുന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖല കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ കാണുന്നു. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം, കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കല്‍ എന്നിവ നടപ്പാക്കാം. കേരളത്തിന്റെ ടൂറിസം വികസനം രാജ്യത്തിന്റെ പൊതുവായ ആവശ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തില്‍ കൊവിഡാനന്തര ടൂറിസം രംഗം വലിയ മുന്നേറ്റത്തിലാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഒന്നരക്കോടിക്കടുത്ത് സഞ്ചാരികളാണ് 2022 ല്‍ കേരളത്തില്‍ എത്തിയത്. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നു. പ്രസാദ് അടക്കമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും.

വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നൂതന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് നടപ്പാക്കാം. ടൂറിസം വളര്‍ച്ച സാമ്പത്തിക രംഗത്തും ഉണര്‍വ് സൃഷ്ടിക്കും. ടൂറിസത്തില്‍ രാജ്യത്തിന് മാതൃകയായ നേട്ടം കൈവരിച്ചതിന് അനുസരിച്ചുള്ള പരിഗണന, കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൈം മാഗസിന്‍ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവന്‍ പോളിസിയെ ടൈം മാഗസിന്‍ അഭിനന്ദിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസന്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പില്‍ സംസ്ഥാനത്തിനുണ്ടായ ഉയര്‍ച്ച സൂചിപ്പിക്കുന്നതാണ്. മാറ്റത്തിനനുസരിച്ചുള്ള പദ്ധതികളാണ് കേരള ടൂറിസം ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിന് എത്രകണ്ട് സഹായം ഉണ്ടാകുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തോടെ വ്യക്തമാക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News