മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ നികുതി പരിധി ഉയര്‍ത്തുന്നതടക്കം ചില പരിഷ്‌കാരങ്ങള്‍ തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം കുറച്ച് കളക്കടത്തുകാരെ നിയന്ത്രിക്കുമോ എന്ന് കണ്ടറിയണം.

ഏതാനും സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം നടക്കാകാനിരിക്കുന്ന തെരഞ്ഞെടുപ്പും, അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പും മനസ്സില്‍ കണ്ടായിരിക്കണം കേന്ദ്ര ധനമന്ത്രി ഇക്കുറി ബജറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക. മധ്യവര്‍ഗ്ഗത്തെ പരമാവധി തൃപ്തിപ്പെടുത്താനുള്ള ശ്രമം ബജറ്റിലുണ്ടാകുമെന്ന് ഉറപ്പ്. ആദായ നികുതി പരിധി ഉയര്‍ത്തുക എന്നതാണ് അതില്‍ ഒന്നാമത്തെ മാര്‍ഗ്ഗം.

നിലവിലുള്ള രണ്ടര ലക്ഷം എന്നത് 4 ലക്ഷം ആയെങ്കിലും ഉയര്‍ത്തിയാല്‍ മധ്യവര്‍ഗ്ഗത്തിലെ വലിയൊരു വിഭാഗത്തിന് ആദായ നികുതിയുടെ വലയില്‍ നിന്നും പുറത്തു കടക്കാം. യു പി എ ഭരണകാലത്ത് ബി ജെ പി യും ആര്‍ എസ് എസും മുന്നോട്ട് വച്ച ഈ ആവശ്യം
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ദ്ധന്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.

സ്വര്‍ണ്ണ ഇറക്കുമതി തീരുവയിലെ പുനരാലോചനയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു നികുതി പരിഷ്‌കാരം. നികുതി വെട്ടിച്ചുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് രാജ്യത്ത് വര്‍ദ്ധിക്കാന്‍ കാരണം അശാസ്ത്രീയമായ നികുതി ഘടനയാണെന്ന് എല്ലാ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു.

നിലവില്‍ 12% ആണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം. ചരക്കു സേവന നികുതിയായ 3 % കൂടി ചേര്‍ത്താല്‍ ആകെ നികുതി 15% ആണ്. ഈ ഉയര്‍ന്ന നികുതിയില്‍ കുറവു വരുത്തിയാല്‍ കള്ളക്കടത്തു നിയന്ത്രിക്കാനും അത് വഴി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും. പൊതുവില്‍ ഒരു തെരഞ്ഞെടുപ്പ് ബജറ്റിനെയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കാത്തിരിക്കുന്നത് എന്ന് വ്യക്തം. അതിനനുസരിച്ചുള്ള ജനപ്രിയ നികുതി പരിഷ്‌കരണം മാത്രമേ ഈ കേന്ദ്ര ബജറ്റില്‍ ഉണ്ടാവൂ എന്ന് കരുതാം.

അതേസമയം പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. നിലവില്‍ ഓഹരി വിപണിയില്‍ പുതിയ നയ രൂപീകരണ സാധ്യതയില്ലെന്നും വിലയിരുത്തല്‍.

സമീപകാലത്തെ അദാനി ഓഹരികളിലെ വന്‍ ഇടിവ്, ഒപ്പം കേന്ദ്രം തുടരുന്ന മൗനം. ഇതിനിടെ ബജറ്റിന് തൊട്ടു മുന്‍പേ വിപണിയില്‍ അദാനി ഓഹരികളുടെ നില മെച്ചപ്പെടലിനെ സസൂക്ഷ്മo നിരീക്ഷിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍. വര്‍ധിച്ചു വരുന്ന ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും ഇത്തവണയും കേന്ദ്രവും ധനമന്ത്രിയും നേരിടുന്ന പ്രധാന വെല്ലുവിളി.

കഴിഞ്ഞ വര്‍ഷം ധനക്കമ്മി ജി ഡി പി യുടെ 6.9 ശതമാനം ആയിരുന്നു. അതിനാല്‍ തന്നെ ഈ വെല്ലുവിളി മറികടക്കാനുള്ള എന്തു ബദല്‍ മാര്‍ഗമാകും ധനമന്ത്രിയുടെ കൈയ്യിലുണ്ടാകുകയെന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ പണപ്പെരുപ്പം സംബന്ധിച്ച നിര്‍ദേശങ്ങളും ഓഹരി വിപണിയെ സ്വാധീനിച്ചേക്കും.

കോര്‍പ്പറേറ്റ് ടാക്‌സ് നിരക്ക് വര്‍ധനവുണ്ടായാല്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ മത്സരക്ഷമതയെയും ഓഹരി വിപണിയെയും അത് സാരമായി ബാധിച്ചേക്കാം. അതേ സമയം, ബജറ്റിന് മുന്‍പ് അദാനി ഓഹരികളില്‍ തട്ടി ചാഞ്ചാടിയ വിപണി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു പുതിയ നയരൂപീകര ശ്രമത്തിന് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റില്‍ മുതിരില്ലെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News