അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച 2047 ഓടെ പൂർണമായും നിർമാർജനം ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര ബജറ്റ്.

ചിക്കാഗോയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ വാള്‍ട്ട് ക്ലമന്റിലാണ് 1910ല്‍ ലോകത്ത് ആദ്യമായി അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. വേദനയും വിളര്‍ച്ചയുമായിരുന്നു ലക്ഷണം. 1952ല്‍ നീലഗിരിയിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്ക, കരീബിയ, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സിക്കിള്‍ സെല്‍ വ്യാപകമായി കാണുന്നത്. കേരളത്തില്‍ വയനാട്ടിലും, അട്ടപ്പാടിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിക്കിള്‍ സെല്‍ രോഗം കൂടുതലും തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്ക് ഉണ്ടാകുന്ന രൂപമാറ്റം മൂലമുള്ള രോഗമാണ് ഇത്. ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും.

കാരണങ്ങൾ

ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷംപേർ അരിവാൾ രോഗബാധിതരാകുന്നുവെന്നാണ്‌ കണക്ക്‌. അരിവാൾ രോഗം രോഗികളുടെ ആയുർദൈർഘ്യം പുരുഷൻമാർക്കിടയിൽ 42 വയസ്സും സ്ത്രീകൾക്കിടയിൽ 48 വയസ്സുമാണെന്ന്‌ കണക്കാക്കുന്നു. അരുണ രക്താണുക്കളിലെ അലിഞ്ഞരൂപത്തിലുള്ള ഹീമോഗ്ലോബിൻ നിരോക്സീകരണത്തോടെ ജെല്ലിന്റെ രൂപത്തിലാകുകയും അരുണ രക്താണുക്കൾ അരിവാൾ രൂപത്തിലാകുകയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഉൾഭാഗത്തുള്ള എൻഡോ തീലിയൽ ( Endothelial Cells)ഭിത്തിയിൽ അരിവാൾ കോശങ്ങൾ ഒട്ടിപ്പിടിക്കുന്നതിനും രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും കാരണമാകുന്നു. ചില ഭാഗത്തേക്കുള്ള രക്ത തടസ്സം പല അവയവത്തെയും ബാധിക്കുന്നു.

രോഗലക്ഷണങ്ങൾ

വിളർച്ചയും മഞ്ഞപ്പിത്തലക്ഷണങ്ങളും ഉണ്ടാകും. പെട്ടെന്നുള്ള രോഗലക്ഷണമായി ശക്തമായ നെഞ്ചുവേദനയും പനിയും ഉണ്ടാകാനും പക്ഷാഘാത രൂപത്തിലാകാനും സാധ്യത. വിളർച്ച ഗുരുതര രൂപത്തിൽ കണ്ടുവരുന്ന അവസ്ഥയുമുണ്ട്. പെട്ടെന്നുള്ള എല്ലുവേദനയാണ്‌ ഇതിൽ കൂടുതലും. മഞ്ഞപ്പിത്തവും കാലിലെ മുറിവും പ്രധാനം. പിത്താശയത്തിൽ കല്ല്‌, കാഴ്ച പ്രശ്നം, വയറുവേദന എന്നിവയും ഉണ്ടാകാം.

10–- 12 ആഴ്ചയോടെ പുരുഷന്മാരിൽ വിളർച്ചയായും ഉണ്ടാകാം. പരിശോധനയിൽ കൂടുതൽ പേരിലും കരൾ വലുപ്പക്കൂടുതലും കാണാറുണ്ട്‌. നിർജലീകരണം, പോഷണക്കുറവ്, അണുബാധ, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവ രോഗസാധ്യത വർധിപ്പിക്കും. വനമേഖലകൾക്കുള്ളിൽ താമസിക്കുന്നവരിലാണ്‌ ഈ രോഗം സാധാരണ കണ്ടുവരുന്നത്‌. അരിവാൾ രോഗികൾ ചിട്ടയായി മരുന്നു കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്‌.

രോഗനിർണയം, ചികിത്സ

രക്തപരിശോധനയിലൂടെയാണ്‌ രോഗനിർണയം. സെൽ സെല്യൂബിലിറ്റി ടെസ്റ്റ് ആദ്യം ചെയ്യും. ആരോഗ്യ വിദഗ്‌ധരുടെ നിർദേശം കർശനമായി പാലിക്കണം. അവർ നിർദേശിക്കുന്ന മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ. മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയിലൂടെ പലർക്കും രോഗം ഭേദമാക്കാമെങ്കിലും ഇത് ചെലവേറിയതും എല്ലാ രോഗികൾക്കും അഭിലഷണീയവുമല്ല. രോഗികളിൽ ചിലർക്ക് ഉയർന്ന യൂറിക്ക് ആസിഡ് ഉണ്ടാകുമെന്നതിനാൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ്‌ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.

സിക്കിൾ സെൽ ട്രെയ്റ്റ് എന്ന അവസ്ഥയ്‌ക്ക് രോഗിക്ക് ചികിത്സ ആവശ്യമില്ല. എങ്കിലും മൂത്രത്തിൽ പഴുപ്പിനുള്ള സാധ്യതയുണ്ട്. കുട്ടികൾക്ക് രോഗക്കൂടുതലുണ്ടെങ്കിൽ ഓറൽ പെൻസിലിൻ നിൽകുന്നത് അഞ്ചു വയസ്സുമുതൽ മതി. ഗർഭകാലത്ത് രോഗികൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. അണുബാധ, ചികിത്സാ പ്രതിസന്ധി ഇല്ലാതാക്കൽ എന്നിവ പ്രധാനമാണ്. സിക്കിൾ സെൽ രോഗികൾ ആവശ്യത്തിന് പഴം, പച്ചക്കറി, ഗോതമ്പ് ധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം സമ്മർദം കുറയ്ക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News