ബജറ്റിലെ പാഴായ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് പുതിയ വാഗ്ദാനങ്ങള്‍

പുതിയ വാഗ്ദാനങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ്. പുതിയ വാഗ്ദാനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ 2022-23 വര്‍ഷത്തെ ബജറ്റ് വാഗ്ദാനങ്ങളും അവയുടെ ഫലപ്രാപ്തിയും പരിശോധിക്കാം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഉറപ്പ്. ലോകത്തെ സാമ്പത്തിക ശക്തികളൊന്നും നടത്താത്ത വമ്പന്‍ പ്രഖ്യാപനമായിരുന്നു അത്. വളര്‍ച്ചാ നിരക്ക് 6.8% മാത്രമേ ഉണ്ടാകൂവെന്ന് കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 7 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടായതായാണ് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്ഷേമ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെട്ടോ?

എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്താനായി 2015ല്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ)നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതികളില്‍ ഒന്നാണ്. 2022-23 ബജറ്റില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗുണഭോക്താക്കള്‍ക്കായി എട്ട് ദശലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍, 4800 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. പദ്ധതി ലക്ഷ്യത്തിന് പിന്നിലാണെന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഗവണ്‍മെന്റില്‍ നിന്ന് സമയപരിധി നീട്ടാനും കൂടുതല്‍ സാമ്പത്തിക സഹായത്തിനും അപേക്ഷിച്ചിട്ടുണ്ടെന്നുമാണ് നഗരങ്ങളില്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഭവന, നഗരകാര്യ മന്ത്രാലയം പറയുന്നത്. അന്തിമ സമയപരിധി 2024 ഡിസംബറിലേക്ക് മാറ്റിയതായും പറയുന്നു. 2022 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെയായി സര്‍ക്കാരിന് കീഴില്‍ നടക്കുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ 3.8 ദശലക്ഷം വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. നഗരപ്രദേശങ്ങളില്‍ 1.2 ദശലക്ഷം വീടുകളും ഗ്രാമീണ പ്രദേശങ്ങളില്‍ 2.6 ദശലക്ഷം വീടുകയും നിര്‍മ്മിച്ചതായും പറയുന്നു. സര്‍ക്കാര്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ 4.2 ദശലക്ഷം വീടുകള്‍ ഇനിയും നിര്‍മ്മിക്കാനുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

2022-23ല്‍ 38 ദശലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി 6000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ ഏകദേശം 17 ദശലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കിയത്. അതായത് വാഗ്ദാനത്തിന്റെ പകുതി പോലും നടപ്പാക്കിയിട്ടില്ലെന്ന് ചുരുക്കം.

ദേശീയപാത ശൃംഖല 2022-23ല്‍ 25,000 കിലോമീറ്റര്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പുതിയ റോഡ് നിര്‍മാണവും നിലവിലുള്ളവയുടെ വികസനവും സംസ്ഥാന പാതകളെ ദേശീയ പാതയായി പ്രഖ്യാപിക്കലും ഉള്‍പ്പെടെയായിരുന്നു പ്രഖ്യാപനം. 2022 ഏപ്രിലിനും ഡിസംബറിനുമിടയില്‍ ആകെ 5,774 കിലോമീറ്റര്‍ ദേശീയ പാതകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 12,000 കിലോമീറ്റര്‍ നിര്‍മ്മിക്കാനാണ് തീരുമാനമെന്നാണ് റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം പറയുന്നത്. എങ്ങനെ നോക്കിയാലും കഴിഞ്ഞ ബജറ്റിലെ വാഗ്ദാനത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് റോഡ് വികസനവും നടന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ചിരിക്കുന്ന മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ ഏതെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുമെന്ന് കാത്തിരുന്ന് കാണേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News